കൊച്ചി
ചീഫ് സെക്രട്ടറി, ഡിജിപി, ഹോം സെക്രട്ടറി, ലോ സെക്രട്ടറി, ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച അഭിഭാഷകന് പിഴയിട്ട് സിംഗിൾ ബെഞ്ച്. ചീഫ് സെക്രട്ടറിയടക്കം ഉന്നതോദ്യോഗസ്ഥർ തന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ച തിരുവനന്തപുരം പറയിടത്തുകോണം സ്വദേശി ആസിഫ് ആസാദിനാണ് 25,000 രൂപ പിഴയിട്ടത്. ഹർജി ബാലിശമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിലയിരുത്തി. കേരള ലീഗൽ സർവീസ് അതോറിറ്റിക്കാണ് പിഴ അടയ്ക്കേണ്ടത്. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ നിയമപരമായ നടപടിയിലൂടെ തുക ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.
ഹർജിയിലെ അപാകം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി രജിസ്ട്രിയുടെ നടപടി തെറ്റാണെന്നായിരുന്നു ഹർജിക്കാരന്റ വാദം. ഹർജി നൽകുക എന്നുള്ളത് തന്റെ അവകാശമായതിനാൽ ഹർജി ഫയൽ ചെയ്യാൻ തടസ്സം നിൽക്കരുതെന്ന് രജിസ്ട്രിക്ക് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹർജിക്കാരന്റെ ആവശ്യങ്ങൾ വിചിത്രമാണെന്നും ആരോപണങ്ങൾ തെളിയിക്കാൻ രേഖകളൊന്നും ഹാജരാക്കാനായിട്ടില്ലെന്നും വിലയിരുത്തിയ കോടതി, ഹർജി തള്ളി.