കൊച്ചി
നൃത്തസംവിധായകൻ ടി ജി രാജേഷെന്ന രാജേഷ് മാസ്റ്റർക്ക് നൃത്തച്ചുവടുകളോടെ അന്ത്യാഭിവാദ്യമേകി ശിഷ്യർ. രാജേഷ് സ്ഥാപിച്ച ‘ഇലക്ട്രോ ബാറ്റിൽസ്’ ഡാൻസ് ട്രൂപ്പിലെ പ്രിയശിഷ്യരാണ് നിറകണ്ണുകളോടെ അന്ത്യാഭിവാദ്യം നൽകിയത്. മൃതദേഹം ഫോർട്ട് കൊച്ചി വെളി പള്ളത്ത് രാമൻ ഗ്രൗണ്ടിൽ വ്യാഴാഴ്ച പൊതുദർശനത്തിനുവച്ചപ്പോഴാണ് കരച്ചിലടക്കാനാകാതെ ശിഷ്യരെത്തിയത്. നസ്രിൻ, അലീഷ, ആതിര, ഗൗരി, അഹുല, ഷാഹിന, അനന്തു, എബ്സൺ തുടങ്ങിയവർ നൃത്തച്ചുവടുകൾവച്ചു. പള്ളത്ത് രാമൻ ഗ്രൗണ്ടിലെ ഹാളിലാണ് വർഷങ്ങളായി രാജേഷ് കുട്ടികളെ നൃത്തം പഠിപ്പിച്ചിരുന്നത്. സുവർണ സിംഹാസനം, ഫേസ് ടു ഫേസ് തുടങ്ങിയ സിനിമകളിൽ രാജേഷ് നൃത്തസംവിധാനം നിർവഹിച്ചു. കലണ്ടർ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കാശി, മാമ്പഴക്കാലം, ജവാൻ ഓഫ് വെള്ളിമല, രസികൻ തുടങ്ങിയ ചിത്രങ്ങളിൽ നൃത്തമൊരുക്കുകയും ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.