ന്യൂഡൽഹി
അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി. എംപിയും രാജ്യത്തെ രണ്ടാ–മത്തെ വലിയ രാഷ്ട്രീയ പാർടിയുടെ പ്രസിഡന്റുമായിരുന്ന രാഹുൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് ആയിരുന്നെന്ന് സൂറത്ത് അഡീഷണൽ സെഷൻസ് ജഡ്ജി റോബിൻ പി മോഗേരാ ഉത്തരവിൽ നിരീക്ഷിച്ചു.
‘എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് വരുന്നത് എന്തുകൊണ്ട്?’–- എന്ന രാഹുലിന്റെ പരാമർശം പരാതിക്കാരൻ ഉൾപ്പെടെയുള്ളവർക്ക് മാനഹാനി ഉണ്ടാക്കാൻ പര്യാപ്തമാണ്. രാഹുലിന് എതിരെ സമാനസ്വഭാവത്തിലുള്ള പന്ത്രണ്ട് പരാതിയുണ്ട്. നിരുത്തരവാദപരവും അപകീർത്തികരവുമായ പ്രസ്താവനകളും പരാമർശങ്ങളും നടത്തുന്നത് ശീലമാക്കിയ ആളാണ് രാഹുലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. വയനാട്ടിൽനിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചെന്നത് ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവർക്ക് അനുകൂല ഘടകമാകുന്നില്ല. വയനാട്ടിൽനിന്ന് ജയിച്ചെങ്കിലും അമേത്തിയിൽ അദ്ദേഹം തോറ്റു–- ജഡ്ജി വിധിന്യായത്തിൽ പറയുന്നു.
പരാമർശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയാണെന്നും അതുകൊണ്ട് ബിജെപി എംഎൽഎ പുർണേഷ് മോദിക്ക് പരാതി നൽകാൻ അവകാശമില്ലെന്നുള്ള വാദം കോടതി അംഗീകരിച്ചില്ല. മുൻ മന്ത്രിയും എംഎൽഎയുമായ പുർണേഷ് മോദിക്ക് രാഹുലിന്റെ പരാമർശം പ്രയാസമുണ്ടാക്കിയെന്ന വാദം നിലനിൽക്കും. കേസിന്റെ വിചാരണ ന്യായമല്ലെന്ന രാഹുലിന്റെ വാദം അടിസ്ഥാനരഹിതമാണ്. വാദങ്ങൾ അവതരിപ്പിക്കാനുള്ള സാവകാശം രാഹുലിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് നൽകി. കേസിൽ രാഹുലിന് പരമാവധി ശിക്ഷ വിധിച്ച നടപടിയിലും തെറ്റില്ലെന്ന് സെഷൻസ് കോടതി പറഞ്ഞു. എംപി സ്ഥാനം നഷ്ടമായത് അപരിഹാര്യമായ നഷ്ടമാണെന്ന രാഹുലിന്റെ വാദവും കോടതി തള്ളി.
സെഷൻസ് കോടതി ഉത്തരവിനെതിരെ ഗുജറാത്ത് ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പ്രതികരിച്ചു. രാഹുൽ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി ഒഴിവാകണമെങ്കിൽ അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട ഉത്തരവും രണ്ടുവർഷം തടവിന് ശിക്ഷിച്ച ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്യേണ്ടിവരും.