ന്യൂഡൽഹി
കുടിയേറ്റഅസംഘടിത തൊഴിലാളികൾക്ക് മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനങ്ങൾ റേഷൻ കാർഡ് അനുവദിക്കണമെന്ന് സുപ്രീംകോടതി. കേന്ദ്ര സർക്കാരിന്റെ ഇ–- ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്ക് കാർഡ് വിതരണം ചെയ്യണമെന്നാണ് നിർദേശം. കുടിയേറ്റത്തൊഴിലാളികളുടെ ദുരിതങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരായ ഹർഷ്മന്ദർ, അഞ്ജലി ഭരദ്വാജ്, ജഗ്ദീപ് ചോക്കർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽനിന്നും ഏകദേശം 10 കോടി ആളുകൾ ഒഴിവാക്കപ്പെട്ട അവസ്ഥയിലാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. 2011 സെൻസസ് അടിസ്ഥാനത്തിലാണ് ഈ പരിധി നിശ്ചയിച്ചിട്ടുള്ളത്. തൊഴിലാളികൾ ഇ– -ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് അറിയിച്ച് അധികൃതർ വലിയ പ്രചാരണം നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. കലക്ടർമാരുടെ ഓഫീസുകൾ മുഖേന കൂടുതൽ തൊഴിലാളികൾ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ നടപടികൾ സ്വീകരിക്കണം. കേന്ദ്ര സർക്കാർ തൽസ്ഥിതി റിപ്പോർട്ട് നൽകണം. ഒക്ടോബർ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.