കൊച്ചി
ആലുവ പുളിഞ്ചോട് മെട്രോ റെയിൽവേ സ്റ്റേഷനുസമീപം വ്യാഴാഴ്ച ചായ കുടിക്കാനെത്തിയത് ഉറ്റസുഹൃത്തുക്കളായിരുന്നു. പൊന്നിയിൻ സെൽവനും വല്ലവരായൻ വന്ദ്യദേവനും. പൊന്നിയിൻ സെൽവൻ 2 (പി എസ് 2) സിനിമയിലെ പ്രധാന കഥാപാത്രമായ പൊന്നിയിൻ സെൽവനായി വേഷമിട്ട ജയം രവിയും വന്ദ്യദേവനായ കാർത്തിയും സിനിമയുടെ പ്രചാരണത്തിനായാണ് മറ്റു താരങ്ങൾക്കൊപ്പം കൊച്ചിയിൽ എത്തിയത്. ചായ കുടിക്കുന്ന ചിത്രം ഇരുവരുടെയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ഇട്ടപ്പോൾ വൈകിട്ടോടെ നാല് ലക്ഷത്തോളം ലൈക്കായി. നെടുമ്പാശേരിയിൽ വിമാനമിറങ്ങി കുണ്ടന്നൂർ ക്രൗൺ പ്ലാസ ഹോട്ടലിലേക്കുള്ള യാത്രയ്ക്കിടെയാണ് താരങ്ങൾ രാവിലെ പത്തരയോടെ ചായക്കടയിൽ കയറിയത്.
ചിത്രത്തിന്റെ രണ്ടാംഭാഗത്തിലാണ് കഥ യഥാർഥത്തിൽ ആരംഭിക്കുന്നതെന്ന് ജയം രവി ‘ദേശാഭിമാനി’യോട് പറഞ്ഞു. ആദ്യഭാഗത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമായിരുന്നു. രണ്ടിൽ തുടക്കംമുതൽ കൈമ്ലാക്സ് മൂഡ് കാണാനാകും. ചിത്രത്തിനായി താനുൾപ്പെടെ എല്ലാ നടീനടൻമാരും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയുടെ പിന്നിൽപ്രവർത്തിച്ച എല്ലാവരും ഒരു കുടുംബംപോലെയായിരുന്നു. പൊന്നിയിൻ സെൽവൻ എന്ന അരുൺമൊഴി വർമനാകാൻ കളരിയും കുതിരസവാരിയുമെല്ലാം അഭ്യസിച്ചു. സംവിധായകൻ മണിരത്നത്തിന്റെയും ഐശ്വര്യറായിയുടെയും എ ആർ റഹ്മാന്റെയുമൊപ്പം ആദ്യമായി പ്രവർത്തിക്കാൻ സാധിച്ചുവെന്നും ജയം രവി പറഞ്ഞു. മലയാളം സിനിമയിൽനിന്ന് നിരവധി ഓഫറുകളുണ്ട്. കൂടുതലും അതിഥിവേഷങ്ങൾ. എന്നാൽ, മലയാളം നന്നായി സംസാരിക്കാൻ പഠിച്ചശേഷം മാത്രമേ അഭിനയിക്കൂ എന്നാണ് തീരുമാനമെന്നും ജയം രവി പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഇരുവർക്കുമൊപ്പം വിക്രം, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ബാബു ആന്റണി, ഗോകുലം ഗോപാലൻ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് താരങ്ങൾ ദർബാർഹാൾ ഗ്രൗണ്ടിൽ ആരാധകരെ അഭിസംബോധന ചെയ്തു. ചിത്രം കേരളത്തിൽ മുന്നൂറ്റമ്പതോളം തിയറ്ററുകളിൽ 28ന് റിലീസാകും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ റിലീസ് ചെയ്യുന്നത്.