തിരുവനന്തപുരം
വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് എല്ലാതലത്തിലും ചർച്ച ചെയ്തു നയപരമായ തീരുമാനം എടുത്ത ശേഷമേ സ്മാർട്ട് വൈദ്യുതി മീറ്റർ പദ്ധതി നടപ്പാക്കൂവെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സംഘടനാ പ്രതിനിധികൾക്ക് ഉറപ്പ് നൽകി. അതുവരെ ടെൻഡർ നടപടികൾ നിർത്തിവയ്ക്കും. വൈദ്യുതി ബോർഡ് ഡയറക്ടർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംഘടനകളുടെ ആശങ്ക പരിശോധിക്കും.
സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച നടപടി പുനഃപരിശോധിക്കും. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തുമാത്രമേ പുതിയ ഡയറക്ടർമാരെ നിയമിക്കുകയുള്ളൂ. സ്ഥാപനത്തിലുള്ളവർക്ക് മുൻഗണന നൽകുമെന്നും മന്ത്രി ഉറപ്പുനൽകി. മന്ത്രിയുടെ ഉറപ്പ് സംഘടനകൾ വിശ്വാസത്തിലെടുക്കുന്നതായി പ്രതിനിധികൾ അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥതലത്തിൽ നടപടികളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പ്രക്ഷോഭ പരിപാടികൾ നിർത്തിവയ്ക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. ബോർഡിലെ മറ്റുള്ള തൊഴിലാളി ഓഫീസർ സംഘടനകളെക്കൂടി ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. മെയ് ആദ്യവാരം സമരപ്രഖ്യാപന കൺവൻഷൻ നടത്തും. ചർച്ചയിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ഹരിലാൽ, ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. എം ജി സുരേഷ് കുമാർ, ജനറൽ സെക്രട്ടറി ബി ഹരികുമാർ, എ എച്ച് സജു, കെ സജീവ്, ലാലു, ഷൈൻ രാജ് എന്നിവർ സംഘടനകളെ പ്രതിനിധാനംചെയ്ത് ചർച്ചയിൽ പങ്കെടുത്തു.