കരിമണ്ണൂർ > മീനുളിയാൻ പാറയ്ക്കു പുറമേ കാറ്റാടിക്കടവ് വിനോദസഞ്ചാരകേന്ദ്രവും വനംവകുപ്പ് അടച്ചു പൂട്ടി. ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തിയിരുന്ന കാറ്റാടിക്കടവിൽ ഒരു മുന്നറിയിപ്പും നൽകാതെയാണ് വനം വകുപ്പിന്റ നടപടി. വണ്ണപ്പുറം – ചേലച്ചുവട് റോഡിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലാണ് കാറ്റാടിക്കടവ്. ഇവിടം കോട്ടപ്പാറ മലയുടെ ഉച്ചിയിലാണ്.
ഇവിടെ നിന്നാൽ എറാണാകുളം നഗരം ഉൾപ്പെടെയുള്ള വിദൂരകാഴചകൾ കാണാം. നല്ല തണുത്തകാറ്റിനൊപ്പം പുൽമേടും ചോലമരങ്ങളും ഇവിടെയുണ്ട്. കാറ്റാടിക്കടവിനോട് ചേർന്ന് അമ്പതിൽപ്പരം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇങ്ങനെ ജനവാസ മേഖലയിലാണ് വനംവകുപ്പ് പ്രവേശനം തടഞ്ഞ് ഫലകം സ്ഥാപിച്ചത്. അനധികൃമായി പ്രവേശിച്ചാൽ ശിക്ഷ 25000 രൂപയയും മൂന്നുവർഷം തടവുമാണ്. വണ്ണപ്പുറം പഞ്ചായത്തിൽ മനോഹരങ്ങളായ വിനോദസഞ്ചാരകേന്ദ്രങ്ങളാണുള്ളത്. കോട്ടപ്പാറ, മീനുളിയാൻപാറ, കാറ്റാടിക്കടവ്, നാക്കയം, ആനചാടിക്കുത്ത് എന്നിവക്ക് പുറമെ കാളചാടിക്കുത്ത്, പണ്ടാരക്കുത്ത് എന്നിവിടങ്ങളിൽ സഞ്ചാരികൾ ധാരാളം എത്തുന്നുണ്ട്.
വണ്ണപ്പുറത്തിന്റ വികസനത്തിനും വരുമാന വർധനവിനും നൽകുന്ന സംഭാവനകൾ ചെറുതല്ല. വനംവകുപ്പ് ഇവയെല്ലാം ഒന്നൊന്നായി അടച്ചു പൂട്ടുകയും പ്രവേശനവിലക്ക് ഏർപ്പെടുത്തുകയുമാണ്. ഇത് തുടർന്നാൽ സഞ്ചാരികൾ വണ്ണപ്പുറത്തെ പൂർണ്ണമായും കൈയൊഴിയും. വിനോദസഞ്ചാരകേന്ദ്രങ്ങൾ വനംവകുപ്പിന്റ കീഴിൽനിന്നു മാറ്റി പഞ്ചായത്തിനെയോ ഡിടിപിസിയെയോ ഏൽപ്പിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം. കലക്ടറുടെ ഉത്തരവിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്നാണ് കാളിയാർ റേഞ്ച് ഓഫീസർ പറയുന്നത്.