തിരുവനന്തപുരം
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഗ്രീൻ ക്യാമ്പസ് -ക്ലീൻ ക്യാമ്പസ് പദ്ധതി നടപ്പാക്കും. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കം ചർച്ച ചെയ്യാനായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിളിച്ച അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സ്കൂൾ തുറക്കുന്നതിനുമുമ്പ് സ്കൂളും പരിസരവും കിണറുകളും ടാങ്കുകളും ശുചീകരിക്കുന്ന പ്രവർത്തനം മെയ് 30നകം പൂർത്തിയാക്കും. മുഴുവൻ സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. പിടിഎ സഹായത്തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കും.
ജൂൺ ഒന്നിന് പ്രവേശനോത്സവം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. അരിവിതരണം പൂർത്തിയായി. 2,82,47,520 ഒന്നാം വാല്യം പാഠപുസ്തകങ്ങളിൽ 1,74,60,775 എണ്ണത്തിന്റെ അച്ചടി പൂർത്തിയായി. 41.5 ലക്ഷം മീറ്റർ കൈത്തറി യൂണിഫോമിനായി വിതരണം ചെയ്തു.
ലഹരിവിരുദ്ധ ബോധവൽക്കരണ സമിതികളുടെ പ്രവർത്തനം സജീവമാക്കും. എസ്എസ്എൽസി, സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചാലുടൻ പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കും. ഹയർ സെക്കൻഡറി ബാച്ച് പുനക്രമീകരിക്കുന്ന കമ്മിറ്റിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പ്രവേശനം. കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ക്ഷണിക്കുന്നതിന് പരമാവധി അധ്യാപകർ വീടുകൾ സന്ദർശിക്കും. സ്കൂളുകളിൽ അവധിക്കാല രക്ഷാകർതൃ സംഗമം സംഘടിപ്പിക്കും.