തിരുവനന്തപുരം
രണ്ടാം ട്രയൽ റണ്ണിൽ- തിരുവനന്തപുരം–- കാസർകോട് സർവീസ് നടത്തി വന്ദേഭാരത് എക്സ്പ്രസ്. തിരുവനന്തപുരത്തുനിന്ന് ഏഴു മണിക്കൂർ 50 മിനിറ്റെടുത്ത് കാസർകോട്ടെത്തിയ ട്രെയിൻ തിരിച്ച് തിരുവനന്തപുരത്തെത്താൻ 8 മണിക്കൂർ 5 മിനിറ്റെടുത്തു. നിലവിൽ രാജധാനി എക്സ്പ്രസ് എട്ടു മണിക്കൂർ 59 മിനിറ്റിൽ എത്തുന്നുണ്ട്. പുലർച്ചെ 5.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വന്ദേഭാരത് പകൽ 1.10നാണ് കാസർകോട്ട് എത്തിയത്. പകൽ 2.25ന് ട്രെയിൻ കാസർകോട്ടുനിന്ന് മടക്കയാത്ര ആരംഭിച്ചു. രാത്രി 10.30 ഓടെ തിരുവനന്തപുരത്തെത്തി. ഏഴു മണിക്കൂർ 10 മിനിറ്റ് എടുത്താണ് ആദ്യം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ എത്തിയെങ്കിൽ രണ്ടാം ട്രയലിൽ ആറു മണിക്കൂർ 53 മിനിറ്റിൽ എത്തി. അഞ്ചു മണിക്കൂർ 56 മിനിറ്റുകൊണ്ട് കോഴിക്കോട് എത്തി. ആദ്യ ഓട്ടത്തേക്കാൾ 12 മിനിറ്റ് കുറവ്. തൃശൂരിൽ 10 മിനിറ്റും എറണാകുളത്ത് ആറു മിനിറ്റും നേരത്തേ എത്തി. വന്ദേഭാരത് ട്രയൽ റണ്ണിനായി കോട്ടയം ചിങ്ങവനത്ത് പാലരുവി എക്സ്പ്രസ് 40 മിനിട്ട് പിടിച്ചിട്ടു. രാവിലെ 6.55ന് പിടിച്ചിട്ട പാലരുവി 7.35നാണ് യാത്ര പുനരാരംഭിച്ചത്.
ഫ്ലാഗ്ഓഫ് 25ന്
വന്ദേഭാരതിന്റെ ആദ്യയാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ക്ഷണിക്കപ്പെട്ടവരും വിദ്യാർഥികളും ഉൾപ്പെടുന്ന ആദ്യയാത്രയിൽ പ്രധാനമന്ത്രിയും യാത്ര ചെയ്യുമെന്നാണ് വിവരം. തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വന്ദേഭാരത് അടക്കം പുതിയ റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം, വർക്കല, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ വികസനം, തിരുവനന്തപുരം, കൊച്ചുവേളി, നേമം സ്റ്റേഷനുകളെ ഉൾക്കൊള്ളിച്ചുള്ള സംയോജിത വികസനപദ്ധതി, പാലക്കാട്–- പൊള്ളാച്ചി വൈദ്യുതീകരിച്ച ലൈനിന്റെ സമർപ്പണം തുടങ്ങിയാണ് ഉദ്ഘാടനംചെയ്യുന്ന പ്രധാന പദ്ധതികൾ. വന്ദേഭാരത് സർവീസ് ആരംഭിക്കുമ്പോഴുള്ള സമയക്രമം, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് ഉടൻ വിജ്ഞാപനം ഇറങ്ങും. മറ്റു ട്രെയിനുകളുടെ സർവീസിനെ ബാധിക്കാത്തവിധമുള്ള സമയക്രമമാകും ഉണ്ടാകുകയെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.
മംഗളൂരുവിലേക്ക്
നീട്ടിയേക്കും
കാസർകോടേക്ക് നീട്ടിയ വന്ദേഭാരത് എക്സ്പ്രസ് കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ മംഗളൂരുവിലേക്ക് നീട്ടിയേക്കും. കണ്ണൂർവരെയായിരുന്നു ആദ്യംസർവീസ്. ആദ്യ ട്രയൽ റണ്ണും കണ്ണൂർവരെയായിരുന്നു. കാസർകോടിനെ അവഗണിച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. സിപിഐ എം, ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതൊടെ കാസർകോട്ടേക്ക് നീട്ടുകയായിരുന്നു.
വന്ദേഭാരതിനെ വരവേൽക്കാനെന്നപേരിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെയും ബിജെപി നേതാക്കളുടെയും നേതൃത്വത്തിൽ പോർവിളിച്ച് ബഹളവും ആക്രോശവുമുണ്ടായി. മോദിസ്തുതിയുമായി ബിജെപിക്കാർ മുദ്രാവാക്യം വിളിച്ചു. തന്റെ ഫോട്ടോ പതിച്ച പ്ലക്കാർഡുകളുമായാണ് രാജ്മോഹൻ ഉണ്ണിത്താനും കൂടെയുള്ളവരും എത്തിയത്.
ട്രയൽ റണ്ണിൽ
സുരക്ഷാ വീഴ്ച
വന്ദേഭാരത് എക്സ്പ്രസിൽ ഉദ്യോഗസ്ഥർമാത്രമേ യാത്രചെയ്യാൻപാടുള്ളൂ എന്നിരിക്കെ, റെയിൽവേ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവായ യുവതിയും കൈക്കുഞ്ഞും കാസർക്കോടുവരെ യാത്രചെയ്തത് സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ. എറണാകുളത്തുനിന്ന് കയറിയ ഇവർ സി 12 കോച്ചിലായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാനുള്ള ആർപിഎഫ് ഉദ്യോഗസ്ഥരുടെ നിർദേശം ലംഘിച്ചും യാത്ര തുടർന്നു.
കാസർകോട് ട്രെയിൻ നിർത്തിയപ്പോൾ ഇവർ ഇരുന്ന കോച്ചിന്റെ ജനൽ കർട്ടനുകൾ മറച്ചനിലയിലായിരുന്നു. ചാനൽ ക്യാമറകൾ ട്രെയിനിനുള്ളിലിരിക്കുന്ന ഇവരുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു. വിഐപി മുറിയിലേക്ക് മാറ്റിയ ഇവരെ പിന്നീട് ഷൊർണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറ്റിവിട്ടു. പ്രധാനമന്ത്രി 25-ന് ഫ്ളാഗ് ഓഫ് ചെയ്യുന്നതിനു മുമ്പേയുള്ള ഈ യാത്ര വിവാദമായി.