തിരുവനന്തപുരം
കേരളത്തിന്റെ യാത്രാക്ലേശങ്ങൾക്ക് അറുതിവരുത്താൻ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി നൽകുമെന്ന പ്രതീക്ഷ സജീവം. പദ്ധതിയുടെ നേട്ടം കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് കഴിഞ്ഞദിവസം കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകൾ. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ തുടരുന്നുവെന്നുമാണ് കേന്ദ്ര മന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരതിന്റെ പേരുപറഞ്ഞ്, സിൽവർ ലൈൻ പദ്ധതിക്കെതിരെ നിരന്തരം ആക്രമണം നടത്തിവന്നിരുന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരനെ അടുത്തിരുത്തിയായിരുന്നു കേന്ദ്ര റെയിൽ മന്ത്രി സിൽവർ ലൈൻ വിഷയത്തിൽ വ്യക്തത വരുത്തിയത്. കേരള സർക്കാർ തുടരുന്ന റെയിൽവേ വികസനപദ്ധതികളെ രാഷ്ട്രീയ വ്യത്യാസങ്ങളുടെ പേരിൽ എതിർക്കേണ്ടതില്ലെന്ന സന്ദേശംകൂടിയാണ് സംസ്ഥാന ബിജെപി നേതൃത്വത്തിന് കേന്ദ്രം നൽകിയത്.
സിൽവർ ലൈനിന് ബദലാണ് വന്ദേഭാരത് എന്ന വാദമുയർത്താൻ വലിയ ശ്രമങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിന് നേതൃത്വം നൽകിയത് ബിജെപി സംസ്ഥാന നേതാക്കളും. കൂട്ടായി യുഡിഎഫും പ്രത്യേകിച്ച് കോൺഗ്രസും ശ്രമിച്ചു. എന്നാൽ, വന്ദേഭാരതിന്റെ നിരക്കുകളും സമയക്രമവും സർവീസുകളുടെ എണ്ണവുമായുള്ള താരതമ്യത്തിൽ, സിൽവർ ലൈനിന്റെ പ്രാധാന്യം പൊതുവിൽ അംഗീകരിക്കപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ തീരൂവെന്ന് മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ വ്യക്തമാക്കിയിരുന്നു. നടപ്പാക്കാനാകാത്ത പദ്ധതിയെന്ന നിലപാട് ഒരുഘട്ടത്തിലും കേന്ദ്രം സ്വീകരിച്ചിട്ടുമില്ല. അങ്ങേയറ്റത്തെ രാഷ്ട്രീയ എതിർപ്പുകൾക്കിടയിലും പദ്ധതി കണ്ണടച്ച് എതിർക്കാനോ തള്ളിപ്പറയാനോ കേന്ദ്രം തയ്യാറായിരുന്നില്ല. ഇതെല്ലാം മറച്ചുവച്ചായിരുന്നു കേരളത്തിലെ സിൽവർ ലൈൻ വിരുദ്ധ കലാപശ്രമങ്ങൾ.