തിരുവനന്തപുരം
കേരളത്തിന്റെ ആരോഗ്യ, കാർഷിക രംഗത്ത് പുത്തനുണർവ് നൽകുന്ന സ്ഥാപനമായി ലൈഫ് സയൻസ് പാർക്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി തോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിൽ പൂർത്തിയായ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ആരോഗ്യമേഖലയിൽ ഭാവിയിലെ വെല്ലുവിളികൾ അതിജീവിക്കാൻ എല്ലാ സാധ്യതകളും ഉപയോഗിക്കണം. ജീവശാസ്ത്രമേഖലയിൽ ജൈവസാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2021ൽ എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ ഏഴിന പരിപാടിയിലെ പ്രധാന വാഗ്ദാനമായിരുന്നു ലൈഫ് സയൻസ് പാർക്ക് വിപുലീകരണം. അതാണ് ഇപ്പോൾ സാധ്യമായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ നിരവധി പകർച്ചവ്യാധികളാണ് കേരളം കണ്ടത്. ഇവ സംബന്ധിച്ചെല്ലാം പഠനം നടത്താൻ പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്കാകും. ആരോഗ്യസുരക്ഷ ഒരുക്കുന്നതിൽ ഇന്ത്യയിലെതന്നെ മികച്ച സ്ഥാപനമായി ഇത് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവശാസ്ത്ര മേഖലയുടെ ഭാവി ഇനി ബയോടെക്നോളജിയുടേതാണ്. രോഗപ്രതിരോധത്തോടൊപ്പം വൈറൽ ഗവേഷണം, ജനിതക സാങ്കേതികം എന്നീ മേഖലകളുടെ സാധ്യതകൾ തുറന്ന് നാടിന്റെ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്തണം. അങ്ങനെ “റിസർച്ച് ഫോർ സോഷ്യൽ വെൽബീയിങ്ങ്’ എന്ന ആശയം യാഥാർത്ഥ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) കെട്ടിടം കൈമാറി.
ബയോസേഫ്റ്റി ലെവൽ മൂന്ന് ലാബ് സമുച്ചയം, ട്രാൻസ്ജിനിക് അനിമൽ ഫെസിലിറ്റി എന്നിവയുടെ നിർമാണോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി പി രാജീവ് അധ്യക്ഷനായി. ഐഎവി ഡയറക്ടർ ഡോ. ഇ ശ്രീകുമാർ, ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ പി സുധീർ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വി ശശി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, പ്ലാനിങ് ബോർഡ് വൈസ് ചാൻസലർ പ്രൊഫ. വി കെ രാമചന്ദ്രൻ, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ തുടങ്ങിയവരും പങ്കെടുത്തു.