തിരുവനന്തപുരം
കോൺഗ്രസ് അനുകൂല സർവീസ് സംഘടന എൻജിഒ അസോസിയേഷൻ പിളർപ്പിലേക്ക്. കേരള സെക്രട്ടറിയറ്റ് അസോസിയേഷൻ പിളർന്നതിന് പിന്നാലെയാണ് മറ്റൊരു കോൺഗ്രസ് അനുകൂല സംഘടനകൂടി ഛിന്നഭിന്നമാകുന്നത്. രണ്ടര വർഷമായി സംഘടനയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പിളർപ്പിലേക്ക് നയിച്ചത്.കെ സുധാകരൻ കെപിസിസി പ്രസിഡന്റായ ശേഷമുള്ള ഏകപക്ഷീയ നിലപാടുകളാണ് സർവീസ് സംഘടനകളിലെ പ്രശ്നങ്ങൾക്ക് കാരണം. സംഘടനയിൽ രണ്ട് വർഷമായി മെമ്പർഷിപ് പ്രവർത്തനംപോലും നടന്നിട്ടില്ലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. സംഘടനയുടെ മുഖപത്രമായ ദ സിവിൽ സർവീസിന്റെ പ്രസിദ്ധീകരണവും ഇക്കാലയളവിൽ നടന്നിട്ടില്ല.
കെപിസിസി പ്രസിഡന്റിന്റെയും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിന്റെയും ഏകാധിപത്യ പ്രവണതയ്ക്കെതിരെ എ, ഐ വിഭാഗങ്ങൾ നിരവധി തവണ നേതൃത്വത്തെ സമീപിച്ചിരുന്നു.കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് സംസ്ഥാന സമ്മേളനം നടത്തിയെങ്കിലും തർക്കംമൂലം ഭാരവാഹികളെ നിശ്ചയിക്കാനായില്ല. രണ്ട് ദിവസത്തിനുള്ളിൽ എല്ലാവരുമായി ചർച്ച നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നായിരുന്നു കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ പ്രഖ്യാപിച്ചത്. തുടർന്ന് സംഘടനയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന നിർദേശം വച്ചു. എന്നാൽ, ചവറ ജയകുമാറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാനാകില്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട്.
സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് ഹെർബിറ്റിന് ഗസറ്റഡ് തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടായിരുന്നു. തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സർക്കാരിലേക്ക് നൽകാതെ അസോസിയേഷൻ വൈസ്പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് സംസ്ഥാന ട്രഷറർ ജാഫർഖാന്റെ നേതൃത്വത്തിലുള്ള വിഭാഗം ആവശ്യപ്പെടുന്നത്. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ പുതിയ സംഘടന രൂപീകരിക്കാനാണ് ഇവരുടെ നീക്കം. കെപിസിസി പ്രസിഡന്റടക്കമുള്ളവരുടെ അനാവശ്യ ഇടപെടലാണ് സംഘടനയിൽ വിഭാഗീയത രൂക്ഷമാക്കിയതെന്നാണ് ജീവനക്കാരുടെ അഭിപ്രായം. കെപിസിസി നേതൃത്വം ഭാരവാഹികളെ നാമനിർദേശം ചെയ്യുന്ന നടപടി ഇനി അംഗീകരിക്കാനാകില്ലെന്നും സംഘടനാ നേതാക്കൾ പറയുന്നു.