മാനന്തവാടി
വയനാട്ടിൽ ആർഎസ്എസ് പ്രവർത്തകൻ സഹോദരനെ ദണ്ഡകൊണ്ട് അടിച്ചുകൊന്നു. വാളാട് എടത്തന വേങ്ങണമുറ്റം ജയചന്ദ്രൻ(42) ആണ് കൊല്ലപ്പെട്ടത്. ജയചന്ദ്രന്റെ ജ്യേഷ്ഠൻ രാമകൃഷ്ണനെ(44) തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ആർഎസ്എസിന്റെ മുഖ്യശിക്ഷക് ആണ്.
ചൊവ്വ രാത്രി 7.30 ഓടെ ജയചന്ദ്രന്റെ വീട്ടുമുറ്റത്തായിരുന്നു കൊലപാതകം. കുടുംബ വഴക്കിനെ തുടർന്നാണ് രാമകൃഷ്ണൻ അനുജനെ അടിച്ചുകൊന്നത്. തലയ്ക്കും കഴുത്തിനുമാണ് ദണ്ഡകൊണ്ടുള്ള അടിയേറ്റത്. മാനന്തവാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ജയചന്ദ്രന്റെ സുഹൃത്ത് വരയാൽ കരയോത്തിങ്കൽ രവിക്കും മർദനമേറ്റു. കാലിനും നാഭിക്കും കൈക്കും പരിക്കേറ്റ രവി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കസേരയില്‍ ഇരിക്കുമ്പോള്‍ ദണ്ഡ ഉപയോഗിച്ച് രാമകൃഷ്ണന് ജയചന്ദ്രന്റെ തലക്കടിക്കുകയായിരുന്നുവെന്ന് രവി പറഞ്ഞു. ആക്രമണം തടയാന്‍ ശ്രമിച്ച തന്നെയും ആക്രമിച്ചുവെന്ന് രവി പറഞ്ഞു. മാനന്തവാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ ഹാജരാക്കിയ രാമകൃഷ്ണനെ റിമാൻഡ് ചെയ്തു. ബിന്ദുവാണ് ജയചന്ദ്രന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.