തിരുവനന്തപുരം
കോൺഗ്രസിലും ഘടകകക്ഷികളിലും രൂക്ഷമായ അസംതൃപ്തികൾ ഇടപെട്ട് പരിഹരിക്കാൻ നേതൃത്വത്തിന് കഴിയാതെ കടുത്ത പ്രതിസന്ധിയിൽ യുഡിഎഫ്. കുറച്ചെങ്കിലും സ്വാധീനം അവശേഷിക്കുന്ന മധ്യകേരളത്തിൽ ഇടിവുണ്ടാക്കുംവിധം കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കോൺഗ്രസിൽനിന്ന് സാബു ജോർജിനും കേരള കോൺഗ്രസിൽനിന്ന് വിക്ടർ ടി തോമസ്, ജോണി നെല്ലൂർ എന്നിവർക്കും പിന്നാലെ പലരും പുറത്തുവരുമെന്നാണ് സൂചന. ഇപ്പോഴത്തെ പ്രതിസന്ധി പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ യുഡിഎഫ് വോട്ടിൽ വിള്ളൽ വീഴ്ത്തുമെന്നുതന്നെയാണ് പൊതുവിലയിരുത്തൽ.
ജനസ്വാധീനം ഉള്ളവരല്ല പോകുന്നതെന്ന ഒഴുക്കൻ മറുപടികൊണ്ട് തീരുന്നതല്ല പ്രശ്നങ്ങളെന്ന് മുതിർന്ന നേതാക്കൾ സമ്മതിക്കുന്നു. മുസ്ലിംലീഗും ആർഎസ്പിയും ഇപ്പോഴത്തെ പോക്കിൽ കടുത്ത അസംതൃപ്തിയുള്ളവരാണ്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഛിന്നഭിന്നമാകുന്നു. മുൻ എംപി ഉൾപ്പെടെ ഈ മേഖലയിൽനിന്നും കൂടുതൽ നേതാക്കൾ രാജിവച്ചേക്കും. വ്യാഴാഴ്ച ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ കൊഴിഞ്ഞുപോക്ക് പ്രധാന ചർച്ചയാകും.
രാജ്യസഭയിൽ വി മുരളീധരന്റെ കാലാവധി തീരുന്നതിനാൽ അടുത്ത ഊഴം ക്രൈസ്തവ സമുദായത്തിന് നൽകാമെന്ന വാഗ്ദാനമാണ് ബിജെപി നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ പ്രയോജനം ചെയ്താൽ ക്യാബിനറ്റ്, മറ്റു ചെറുകിട പദവികളും. തെരഞ്ഞെടുപ്പുനേട്ടം മാത്രമാണ് ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ബിജെപിയുടെ കെണിയിലാണ് ചില വൈദികരും നേതാക്കളും വീണത്. കോൺഗ്രസിലും കേരള കോൺഗ്രസിലും ചെറിയ അസംതൃപ്തികളുടെ പേരിൽ മാറിനിൽക്കുന്ന നേതാക്കളെയാണ് വലവീശിയിട്ടുള്ളത്. അത് മുൻകൂട്ടി കണ്ട് പരിഹരിക്കാനല്ല, പ്രശ്നം വഷളാക്കുകയാണ് കെ സുധാകരന്റെയും വി ഡി സതീശന്റെയും പ്രതികരണങ്ങൾ എന്നാണ് വിമർശം.
മകനെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്ന ആഗ്രഹത്തെ മറ്റു നേതാക്കൾ എതിർത്തതോടെ പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളുമുള്ള പി ജെ ജോസഫ് നിർജീവമായി. കേരള കോൺഗ്രസിന്റെ സ്ഥാപകനായ കെ എം ജോർജിന്റെ മകൻ എന്ന നിലയിൽ വേണ്ടത്ര അംഗീകാരം യുഡിഎഫിൽ ഇല്ലെന്നതിനാൽ ഫ്രാൻസിസ് ജോർജും അതൃപ്തനാണ്. കോട്ടയത്ത് വോട്ട് പിടിത്തം തുടങ്ങിയ പി സി തോമസിന്റെ കൈയിലേക്ക് പാർടി പോകുന്നതിൽ പലർക്കും എതിർപ്പുണ്ട്.
ജോണി നെല്ലൂർ
ബിജെപി പാളയത്തിലേക്ക്
യുഡിഎഫ് സംസ്ഥാന സെക്രട്ടറിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനുമായ ജോണി നെല്ലൂർ പാർടി അംഗത്വവും യുഡിഎഫ് സെക്രട്ടറിസ്ഥാനവും രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പറഞ്ഞു. എന്നാൽ ‘ദേശീയപാർടി’ രൂപീകരിച്ച് അടുത്തദിവസംതന്നെ ബിജെപി ഉൾപ്പടെയുള്ള ദേശീയ കക്ഷികളുമായി ചർച്ച നടത്തുമെന്ന് യുഡിഎഫ് മുൻ എംഎൽഎ കൂടിയായ ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രൈസ്തവരുടെ ദേശീയപാർടി രൂപീകരിക്കാനാണ് ആദ്യഘട്ട യോഗങ്ങൾ ചേർന്നതെങ്കിലും ‘കർഷകതാൽപ്പര്യം സംരക്ഷിക്കുന്ന ദേശീയപാർടി’ ആശയത്തിനാണ് മുൻതൂക്കം. സമാന ചിന്താഗതിയുള്ള നേതാക്കൾകൂടി ചേർന്നാകും പുതിയ പാർടി. റബർവില 300 രൂപയാക്കണമെന്നാണ് നേരത്തേതന്നെയുള്ള തന്റെ ആവശ്യം. രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നയിച്ചപ്പോഴുള്ള പരിഗണന യുഡിഎഫിൽ കേരള കോൺഗ്രസിന് കിട്ടുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അനിവാര്യ പതനം:
കേരള കോണ്ഗ്രസ് എം
രാഷ്ട്രീയവഞ്ചനയുടെ പ്രതിരൂപമായ ജോസഫ് ഗ്രൂപ്പിലുണ്ടാകുന്ന കൊഴിഞ്ഞുപോക്ക് അനിവാര്യ പതനത്തിലേക്കാണ് ആ പാർടിയെ എത്തിച്ചെതെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. കെ എം മാണിയുടെ മരണശേഷവും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചവരോട് കാലം പകരം ചോദിക്കുകയാണ്. ഒരു രാഷ്ട്രീയ പ്രവർത്തനവും നടത്താത്ത ജോസഫ് ഗ്രൂപ്പിൽനിന്ന് പലരും മറ്റ് പാർടികളിലേക്ക് ചേക്കറാൻ അവസരം കാത്തിരിക്കുകയാണ്. യുഡിഎഫിൽ നിന്നുകൊണ്ട് ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസിയാവുക എന്ന ദൗത്യമാണ് അവർ നിർവഹിക്കുന്നതെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.
ജോണി നെല്ലൂര് പ്രധാന നേതാവല്ല: വി ഡി സതീശൻ
ജോണി നെല്ലൂർ പ്രധാന നേതാവാണെന്ന് തോന്നുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കേരള കോൺഗ്രസ് പ്രതിനിധിയായാണ് ജോണി നെല്ലൂർ യുഡിഎഫിലെത്തിയത്. രാജിവച്ച സാഹചര്യത്തിൽ യുഡിഎഫ് യോഗങ്ങളിലേക്ക് കേരള കോൺഗ്രസ് മറ്റൊരു പ്രതിനിധിയെ അയക്കുമെന്നും ചവറയിൽ മാധ്യമങ്ങളോട് പറഞ്ഞു. ബാബു ജോർജിന്റെ രാജി കോണ്ഗ്രസിനെ ബാധിക്കില്ല. ബിജെപി വിളിക്കുമ്പോൾ പോകുന്നവരുണ്ടെങ്കിൽ അവർ കോൺഗ്രസുകാരല്ല. അതേസമയം, കേന്ദ്രസർക്കാർ അനുമതി നൽകിയാലും സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വി ഡി സതീശൻ പറഞ്ഞു.