കൊച്ചി
പൊന്നിയിൻ സെൽവൻ 2 (പിഎസ് 2) കേരളത്തിൽ മുന്നൂറ്റമ്പതോളം തിയറ്ററുകളിൽ 28ന് റിലീസാകും. റിലീസിങ്ങിനുമുന്നോടിയായി ചിത്രത്തിലെ താരങ്ങൾ വ്യാഴാഴ്ച കൊച്ചിയിലെത്തും. നടന്മാരായ വിക്രം, ജയം രവി, കാർത്തി, തൃഷ, റഹ്മാൻ, ഐശ്വര്യലക്ഷ്മി, ജയറാം, ബാബു ആന്റണി തുടങ്ങിവർ വൈകിട്ട് ആറിന് ദർബാർഹാൾ ഗ്രൗണ്ടിൽ ആരാധകരെ അഭിസംബോധന ചെയ്യും.
ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. മുന്നൂറിൽപ്പരം തിയറ്ററുകളിൽ മലയാളമാണ് പ്രദർശിപ്പിക്കുക. സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധ ചരിത്രനോവൽ ‘പൊന്നിയിൻ സെൽവൻ’ ആധാരമാക്കിയാണ് മണിരത്നം അതേപേരിൽ ചിത്രം ഒരുക്കിയത്. എ ആർ റഹ്മാനാണ് സംഗീതം. തോട്ടാ തരണിയാണ് ചിത്രത്തിലെ കൂറ്റൻ സെറ്റുകൾ ഒരുക്കിയിരിക്കുന്നത്. രവിവർമനാണ് ക്യാമറ. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും ചേർന്ന് നിർമിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാംഭാഗം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചുഭാഷകളിലാണ് ലോകമെമ്പാടും റിലീസ് ചെയ്യുന്നത്.