ലോക ചെസ് ചാമ്പ്യൻഷിപ് ആദ്യപകുതി പിന്നിട്ടപ്പോൾ പോരാട്ടം ഉദ്വേഗജനകമായ വഴിത്തിരിവിലെത്തി നിൽക്കുന്നു. ലോക ചെസ് ഫെഡറേഷന്റെ (ഫിഡെ) ബാനറിൽ കളിക്കുന്ന റഷ്യൻ താരം ഇയാൻ നിപോംനിഷി ചൈനീസ് പ്രതിയോഗി ഡിങ് ലിറനുമേൽ ഒരു പോയിന്റ് ലീഡ് (4 –-3) കരസ്ഥമാക്കിയിരിക്കുകയാണ്. 14 ഗെയിം ചാമ്പ്യൻഷിപ്പിൽ ആദ്യം 7.5 പോയിന്റ് നേടുന്ന കളിക്കാരൻ ലോകകിരീടത്തിന് അർഹനാകുമെന്നതിനാൽ ഈ ലീഡ് സുപ്രധാനമാണ്.
ആധുനിക കാലത്തെ മറ്റ് ലോക ചെസ് ചാമ്പ്യൻഷിപ് മത്സരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിപോം––ഡിങ് പോരാട്ടം ഒരു അസാധാരണ സവിശേഷത കാഴ്ചവയ്ക്കുന്നതായി കാണാം. പൊതുവെ വിശ്വ ചെസ് കിരീട പോരാട്ടങ്ങളിൽ സമനിലകളുടെ എണ്ണം കൂടുതലായിരിക്കും. ഉദാഹരണത്തിന് മാഗ്നസ് കാൾസണും ഫാബിയാനോ -കരുവാനയും തമ്മിലുള്ള 12 കളിയും സമനിലയായി. കാൾസൺ–- – കര്യാക്കാൻ മത്സരം 12ൽ പത്തും സമനില. എന്നാൽ, ഇത്തവണ ഏഴിൽ അഞ്ചും ജയങ്ങളിൽ കലാശിച്ചിരിക്കുന്നു. മാത്രമല്ല എല്ലാ ഗെയിമുകളും 50ൽ കുറഞ്ഞ നീക്കങ്ങളിൽ അവസാനിക്കുകയും ചെയ്തു.
നിപ്പോവും ഡിങ്ങും പൊതുവെ മികച്ച നിലവാരത്തിലുള്ള കരുനീക്കങ്ങളാണ് നടത്തുന്നതെങ്കിലും ഇരുവർക്കും പിഴവുകൾ പറ്റുന്നുമുണ്ട്. കാൾസൺ, കാസ്പറോവ്, കാർപ്പോവ് തുടങ്ങിയ ആധുനിക ചെസ് ഇതിഹാസങ്ങൾക്കുണ്ടായിരുന്ന അസാമാന്യ മനോബലം ഇവർ ഇനിയും നേടിയിട്ടില്ല എന്ന സൂചനയാണിത്.
അടുത്തകാലത്ത് നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പുകളിൽ പലതിലും ആദ്യപകുതിയിൽ ലീഡ് നേടിയ കളിക്കാരനാണ് ഒടുവിൽ ജേതാവായിട്ടുള്ളത്. എന്നാൽ, 1995ൽ ആദ്യപകുതിയിൽ പിന്നിട്ടുനിന്ന കാസ്പറോവ് രണ്ടാംപകുതിയിൽ ശക്തമായ തിരിച്ചുവരവ് നടത്തി ആനന്ദിനെ തകർക്കുകയുമുണ്ടായി. അതിനാൽ നിപോംനിഷിയുടെ ലീഡ് നിർണായകമല്ല. എങ്കിലും നേരിയ മുൻതൂക്കം നിപ്പോവിനുതന്നെയാണ്.
ഇടവേളയ്ക്കുശേഷം കളിക്കളത്തിലെത്തുന്ന നിപ്പോയും ഡിങ്ങും തങ്ങളുടെ ഇച്ഛാശക്തിയുടെയും പോരാട്ടവീര്യത്തിന്റെയും സർഗാത്മകതയുടെയും തലം ഉയർത്തും എന്നതിൽ സംശയമില്ല. അതോടൊപ്പം അവർ ഇരുവരും തങ്ങളുടെ സൈദ്ധാന്തിക പരീക്ഷണശാലകളിൽ പാകപ്പെടുത്തിവച്ചിട്ടുള്ള ചില രഹസ്യ ആയുധങ്ങളും പുറത്തെടുക്കും. ഈ ഘടകങ്ങളെല്ലാം ഒത്തുചേരുന്നതോടെ വരാനിരിക്കുന്ന ഏഴ് ഗെയിമുകൾ അത്യന്തം ആവേശകരമായി മാറുമെന്ന് പ്രതീക്ഷിക്കാം.
എൻ ആർ അനിൽകുമാർ
(ഇന്ത്യൻ ചെസ് ഒളിമ്പ്യാഡ് മുൻ അംഗം)