ലണ്ടൻ
ചാമ്പ്യൻസ് ലീഗ് കിരീടം ആരും കൊതിക്കേണ്ടെന്ന് റയൽ മാഡ്രിഡിന്റെ താക്കീത്. വീഴ്ത്താനെത്തിയ ചെൽസിയെ കാഴ്ചക്കാരാക്കി റയൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ കടന്നു. അവസാന 13 സീസണിൽ പതിനൊന്നിലും സ്പാനിഷ് ക്ലബ് സെമി കണ്ടു. രണ്ടാംപാദ ക്വാർട്ടറിൽ ചെൽസിയെ അവരുടെ തട്ടകത്തിൽ രണ്ട് ഗോളിന് വീഴ്ത്തി. ബ്രസീൽ യുവതാരം റോഡ്രിഗോയാണ് രണ്ടും നേടിയത്. ഇരുപാദങ്ങളിലുമായി 4–-0 ജയം. നിലവിലെ ജേതാക്കളായ റയൽ 14 തവണയാണ് കപ്പെടുത്തത്.
തുടർത്തോൽവിയിൽ വലയുന്ന, സ്ഥിരം പരിശീലകനില്ലാത്ത ചെൽസിക്ക് പിടിച്ചുനിൽക്കാനായില്ല. കിട്ടിയ അവസരം എൻഗോളോ കാന്റെയ്ക്കും മാർക് കുക്കുറെല്ലയ്ക്കും ലക്ഷ്യത്തിലെത്തിക്കാനുമായില്ല. ഈ രണ്ട് നിമിഷങ്ങൾമാത്രമായിരുന്നു ചെൽസിക്ക് ഓർക്കാനുണ്ടായിരുന്നത്. പന്ത് കാലിൽ വച്ചതിലും പാസുകൾ കൈമാറിയതിലും കണക്കിൽ നീലപ്പടയായിരുന്നു മുന്നിൽ. എന്നാൽ, റയലിന്റെ സംഘടിതകളിയിൽ അവർ നിശബ്ദരായി.
രണ്ടാംപകുതിയിൽ വിനീഷ്യസ് ജൂനിയർ തുടങ്ങിവച്ച നീക്കത്തിൽ ക്ലോസ് റേഞ്ചിലൂടെയാണ് റോഡ്രിഗോ ആദ്യ ഗോൾ നേടിയത്. കളിയവസാനിക്കാൻ 10 മിനിറ്റ് ബാക്കിനിൽക്കേ ഫെഡറികോ വാൽവെർദെ വഴിയൊരുക്കി. സീസണിൽ ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളായി റോഡ്രിഗോയ്ക്ക്.
റയൽ മധ്യനിരയിൽ വാൽവെർദെയും ലൂക്കാ മോഡ്രിച്ചും നിറഞ്ഞുകളിച്ചു. പരിശീലകനായ കാർലോ ആൻസെലോട്ടി അഞ്ചാംകിരീടമാണ് ലക്ഷ്യമിടുന്നത്. തുടർച്ചയായ നാലാംതോൽവിയാണ് ചെൽസി വഴങ്ങിയത്. സീസണിൽ എല്ലാ കിരീടസാധ്യതകളിൽനിന്നും പുറത്തായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 11–-ാംസ്ഥാനത്താണ്. അടുത്തതവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടില്ലെന്നുറപ്പായി. 5,000 കോടിയോളം രൂപ പുതിയ കളിക്കാർക്കായി ചെലവഴിച്ചിരുന്നു.
‘ഈ ക്ലബ്ബിനെ ഞാൻ തിരിച്ചറിയുന്നില്ല. ചെൽസി ഇങ്ങനെയല്ല’–- എന്നായിരുന്നു ചെൽസി ഇതിഹാസതാരം ദിദിയൻ ദ്രോഗ്ബ മത്സരശേഷം പറഞ്ഞത്.