കോഴിക്കോട്/ മഞ്ചേരി
ഐഎസ്എല്ലിലെ ദയനീയ പ്രകടനത്തിനുശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ തകർപ്പൻ തിരിച്ചുവരവ്. ചർച്ചിൽ ബ്രദേഴ്സിനെ 6–-3ന് കീഴടക്കി സൂപ്പർകപ്പ് ഫുട്ബോളിൽ സെമിയിൽ കടന്നു. ആറു പോയിന്റുമായി ഡി ഗ്രൂപ്പ് ജേതാക്കളായാണ് അവസാന നാലിലെത്തിയത്. മുംബൈ സിറ്റി എഫ്സിക്കും ആറ് പോയിന്റുണ്ടെങ്കിലും ഇരുടീമുകളും തമ്മിലുള്ള പോരിൽ നോർത്ത് ഈസ്റ്റിനായിരുന്നു ജയം.
ക്യാപ്റ്റനായ കൊളംബിയൻതാരം വിൽമർ ജോർദാൻ നാല് ഗോളടിച്ചു. മലയാളി താരങ്ങളായ ഗനി അഹമ്മദ് നിഗവും എം എസ് ജിതിനും പട്ടിക പൂർത്തിയാക്കി. ചെന്നൈയിൻ എഫ്സിയെ മുംബൈ സിറ്റി ഒരു ഗോളിന് തോൽപ്പിച്ചു. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നാളെ ആദ്യ സെമിയിൽ ബംഗളൂരു എഫ്സി – ജംഷഡ്പുർ എഫ്സിയെ നേരിടും. ശനി മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാംസെമിയിൽ നോർത്ത് ഈസ്റ്റ് ഒഡിഷ എഫ്സിയുമായി ഏറ്റുമുട്ടും. 25ന് രാത്രി ഏഴിന് കോഴിക്കോടാണ് ഫൈനൽ.