തിരുവനന്തപുരം > മിൽമ റിച്ച് പാലിന്റെ വിലവർധന പിൻവലിച്ചതായി മൃഗസംരക്ഷണ മന്ത്രിയുടെ ഓഫീസ്. ലിറ്ററിന് രണ്ടുരൂപ വർധിപ്പിച്ച മിൽമയുടെ തീരുമാനമാണ് പിൻവലിച്ചത്. മന്ത്രി ജെ ചിഞ്ചൂറാണിയും മിൽമ അധികൃതരും തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൊഴുപ്പ് കൂടിയ മിൽമ റിച്ച് (പച്ച കവർ) അര ലിറ്ററിന്റെ വില 29ൽ നിന്ന് 30 ആയി വർധിപ്പിച്ച തീരുമാനമാണ് പിൻവലിച്ചത്. അതേസമയം മിൽമ സ്മാർട്ട് അര ലിറ്ററിന്റെ വില 24 രൂപയിൽ നിന്ന് 25 ആക്കിയത് നിലനിൽക്കും.
മിൽമയുടെ മൂന്ന് മേഖല യൂണിയൻ ചെയർമാൻമാരും എംഡിയും മന്ത്രി ജെ ചിഞ്ചൂറാണിയുമായി ബുധനാഴ്ച നടത്തിയ ചർച്ചയിൽ വിലവർധനയുമായി ബന്ധപ്പെട്ട വിശദീകരണം സമർപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാരിനെ അറിയിച്ച തീരുമാനത്തിന് വിരുദ്ധമായി മിൽമ റിച്ച് പാലിന്റെ വിലയിൽ വരുത്തിയ വർധനവ് പിൻവലിക്കുന്നതായി മിൽമ അറിയിച്ചത്. അതേ സമയം മിൽമ സ്മാർട്ടിന്റെ വില വർധന തുടരുമെന്നും മിൽമ അറിയിച്ചു.
വിലവർധന സാധാരണക്കാരെ ബാധിക്കില്ല
മഞ്ഞകവറിൽ വിപണിയിലെത്തുന്ന മിൽമ സ്മാർട്ടിൽ 1.5ശതമാനം മാത്രമാണ് കൊഴുപ്പിന്റെ സാനിധ്യം. 9.-0 ശതമാനം കൊഴുപ്പിതര പദാർത്ഥങ്ങളുമുണ്ട്. കൊഴുപ്പിന്റെ സാനിധ്യം കുറവായതിനാൽ പ്രായമായവർക്ക് ഗുണപ്രദമായ ഉൽപ്പന്നമാണിത്. ഫ്രൂട്ട് ഷെയ്ക്കുകളിൽ ഉപയോഗിക്കുന്നു. വിപണിയിൽ അധികം ആവശ്യക്കാരില്ലാത്ത ഉൽപ്പന്നമാണിത്. സാധാരണക്കാർ ദിവസവും ഉപയോഗിക്കുന്ന നീല കവറിലെ ഹോമോജെനസൈഡ് ടോൺഡ് പാലാണ് മിൽമയുടെ ഏറ്റവും വിൽപ്പനയുള്ള ഉൽപ്പന്നം. ഇതിന് 26 രൂപയാണ് വില. പ്രതിദിനം 1.90 ലക്ഷം ലിറ്റർ ഹോമോജെനസൈഡ് ടോൺഡ് പാൽ മിൽമ വിൽക്കുന്നു. മിൽമ സ്മാർട്ട് 8000 ലിറ്റർ മാത്രമാണ് വിൽക്കുന്നത്.