കൊച്ചി > താരങ്ങൾ അനാവശ്യമായി സിനിമ എഡിറ്റിങ്ങിൽ ഇടപെടുന്നുവെന്ന ഫെഫ്കയുടെ പരാതി യുവനടൻ ഷെയ്ൻ നിഗമിനെതിരെ. മൂന്ന് യുവതാരങ്ങൾ വേഷമിടുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളാണ് പരാതിക്ക് കാരണമായത്. എഡിറ്റിങ് ജോലി ചെയ്യുന്നവരെ സമ്മർദത്തിലാക്കുന്ന ഇടപെടലിനെതിരെ നിർമാതാക്കളുടെ സംഘടനയിൽ പരാതിപ്പെട്ടതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ, താരത്തിന്റെ പേര് അദ്ദേഹം വെളിപ്പെടുത്തിയില്ല.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആർഡിഎക്സ് എന്ന സിനിമയിലെ ഷെയ്നിന്റെ വേഷവുമായി ബന്ധപ്പെട്ടാണ് പരാതിക്കിടയാക്കിയ സംഭവങ്ങളുണ്ടായത്. ഷെയ്നിനൊപ്പം ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരും തുല്യപ്രാധാന്യമുള്ള വേഷത്തിൽ ഈ ചിത്രത്തിലുണ്ട്. കോമ്പിനേഷൻ രംഗങ്ങളിൽ തനിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഷെയ്ൻ എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ കാണണമെന്ന് പറഞ്ഞതെന്നാണ് പരാതി. അതിന്റെ പേരിൽ സാങ്കേതിക പ്രവർത്തകരുമായി തർക്കമുണ്ടായെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നിരുന്നു.
താരത്തിന്റെ ആവശ്യത്തിനെതിരെ സാങ്കേതിക പ്രവർത്തകരുടെയും കലാകാരന്മാരുടെയും യൂണിയനുകളുടെ ഫെഡറേഷനായ ഫെഫ്ക തന്നെ രംഗത്തുവന്നത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടിയിട്ടുണ്ട്. വിഷയത്തിൽ നിർമാതാക്കളുടെ സംഘടന ഇടപെടണമെന്നും കർശന നടപടിയെടുക്കണമെന്നുമാണ് ഫെഫ്കയുടെ ആവശ്യം. മുമ്പും വിവാദങ്ങളുണ്ടാക്കി ദീർഘകാലം സിനിമാവിലക്ക് നേരിട്ട നടനാണ് ഷെയ്ൻ. നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് അന്ന് താരസംഘടന ഇടപെട്ട് നടത്തിയ ചർച്ചയിൽ 32 ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കിയാണ് നീക്കിയത്.