മലപ്പുറം
രൂപീകരിച്ച് എഴുപത്തഞ്ച് വർഷം പിന്നിടുമ്പോഴും നിന്നനിൽപ്പിൽ കിതച്ച് ജമാഅത്തെ ഇസ്ലാമി. മുസ്ലിം സമുദായത്തിനിടയിൽ വേണ്ടത്ര സ്വാധീനം ഇല്ലാത്തതിനാൽ രാഷ്ട്രീയ പാർടിയും യുവജനസംഘടനയും രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും സമുദായത്തിലെ ഇതര വിഭാഗക്കാരെപ്പോലും ആകർഷിക്കാനായില്ല. ആർഎസ്എസുമായി രഹസ്യ ചർച്ച നടത്തിയ സമുദായ സംഘടന എന്ന പേരുദോഷവും ഈ എഴുപത്തഞ്ചാം വാർഷികത്തിൽ ജമാഅത്തെ ഇസ്ലാമിക്കുണ്ട്.
1941 ആഗസ്ത് 26ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ ലാഹോറിലാണ് ജമാഅത്തെ ഇസ്ലാമിയുടെ പിറവി. മൗലാന സയ്യിദ് അബ്ദുൽ അല മൗദൂദി സ്ഥാപിച്ച സംഘടന 1947വരെ രാഷ്ട്രീയ പാർടിയായിരുന്നു. 1948 ഏപ്രിൽ 16മുതൽ 18വരെ അലഹബാദിൽ നടന്ന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദിന് രൂപംനൽകി. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ പ്രവർത്തനം തുടങ്ങിയെങ്കിലും ആർഎസ്എസിനെപ്പോലെ ബ്രിട്ടീഷുകാർക്കെതിരെ വാക്കുകൊണ്ടുപോലും ജമാഅത്തെ ഇസ്ലാമിയും നിലപാടെടുത്തില്ല. അതിനാൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അപ്രീതിയും ഉണ്ടായില്ല.
ജമാഅത്തെ ഇസ്ലാമി എന്ന പേരുള്ളതിനാൽ ഇതര സമുദായത്തിൽപ്പെട്ടവരെ ആകർഷിക്കാൻ കഴിയുന്നില്ലെന്ന തിരിച്ചറിവിൽനിന്ന് പല പേരിലും സംഘടനകൾ രൂപീകരിച്ചു. ആർഎസ്എസിനെപ്പോലെ മതരാഷ്ട്രവാദമാണ് ജമാഅത്തെ ഇസ്ലാമിയുടെയും ആശയം. ആർഎസ്എസ് പല പേരുകളിൽ സംഘടനകൾ രൂപീകരിച്ചതും ഇതേ ലക്ഷ്യത്തിൽതന്നെ. യുവാക്കളെ ആകർഷിക്കാൻ തീവ്രനിലപാടുകൾ സ്വീകരിച്ചാണ് 2003ൽ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന് രൂപംനൽകിയത്. ദളിത്, പരിസ്ഥിതി വിഷയങ്ങൾ നിർലോഭം മറയാക്കി സോളിഡാരിറ്റി പ്രവർത്തിച്ചെങ്കിലും മുന്നോട്ടുപോകാനായില്ല. 2011 ഏപ്രിൽ 18ന് വെൽഫെയർ പാർടിക്കും രൂപംനൽകി. എന്നിട്ടും മുസ്ലിം സമുദായത്തിനകത്ത് കാര്യമായി കടന്നുകയറാൻ സാധിച്ചില്ലെന്നു മാത്രമല്ല, സമുദായത്തിലെ സുന്നി, സലഫി വിഭാഗങ്ങളിലെ ഒരാളുപോലും പാർടിയിൽ ചേർന്നില്ല. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ഭായി ഭായിയാണെന്ന് അടുത്തിടെ നടന്ന രഹസ്യ ചർച്ച തെളിയിക്കുന്നു.
ഇന്ത്യൻ മുസ്ലിങ്ങൾ തീവ്രവാദ ചിന്താഗതിക്കാരാണെന്ന ആർഎസ്എസിന്റെ പ്രചാരണം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമിയോട് സമുദായം സ്വീകരിച്ച നിലപാടിൽനിന്ന് വ്യക്തമാകുന്നതെന്ന് ഡോ. കെ ടി ജലീൽ എംഎൽഎ അഭിപ്രായപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങൾപോലും നിരോധിച്ച, മുസ്ലിം ബ്രദർഹുഡ് പോലുള്ള തീവ്രവാദ നിലപാടുള്ള സംഘടനകളുടെ പുസ്തകങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രചാരം നൽകുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ഐപിഎച്ച് എന്ന പ്രസാധക സ്ഥാപനമാണ്–- കെ ടി ജലീൽ പറഞ്ഞു.