കോട്ടയം
റബർകൃഷി വ്യാപനവും കർഷകക്ഷേമവും മുൻനിർത്തി കോട്ടയം ആസ്ഥാനമായി തുടക്കമിട്ട റബർ ബോർഡ് പ്ലാറ്റിനം ജൂബിലി നിറവിൽ. 1947 ഏപ്രിൽ 18ന് റബർ ആക്ട് നിലവിൽ വന്നതിനെ തുടർന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ ബോർഡ് പ്രവർത്തനം ആരംഭിച്ചത്.
തെക്കേ അമേരിക്കയിൽനിന്ന് ലണ്ടൻവഴി ഇന്ത്യയിൽ എത്തിയ റബർ കോതമംഗലത്തിനടുത്ത് തട്ടേക്കാട് പെരിയാറിന്റെ തീരത്താണ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നട്ടുവളർത്തിയത്. 1904ൽ ജെ ജെ മർഫിയെന്ന അയർലൻഡുകാരൻ കാഞ്ഞിരപ്പള്ളി ഏന്തയാറിൽ വ്യാവസായികാടിസ്ഥാനത്തിൽ റബർകൃഷി തുടങ്ങി. പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്കിലെ പ്രധാന വിളയയായി പടർന്നു. അന്നും ഇന്നും മികച്ച ഉൽപാദന ക്ഷമതയിലും തോട്ട വിസ്തൃതിയിലും രാജ്യത്തുതന്നെ മുന്നിലാണ് തലയെടുപ്പോടെ റബർ. 1910ൽ ഇന്ത്യാക്കാരന്റെ ഉടമസ്ഥതയിൽ ആദ്യ റബർ പ്ലാന്റേഷനായ മലങ്കര റബർ ആൻഡ് പ്രൊഡ്യൂസ് കമ്പനി സ്ഥാപിതമായി. ക്രമേണ കൃഷി വ്യാപകമായെങ്കിലും സ്വാതന്ത്ര്യത്തിനുശേഷമാണ് റബർ സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമായത്. അതിൽ റബർ ബോർഡിന്റെ സേവനം നിർണായകമായിരുന്നു. 75 വർഷമായി രാജ്യത്ത് റബർ കൃഷി വ്യാപിപ്പിക്കുന്നതിലും റബർ ഉൽപന്ന മേഖലയുടെ വികസനത്തിലും ബോർഡ് വലിയ പങ്കുവഹിച്ചു.
റബർ ബോർഡിന്റെ ആവിർഭാവത്തിന് തന്നെ വഴിതെളിച്ച റബർ ആക്ട് ഭേദഗതിചെയ്ത് വ്യവസായി സൗഹൃദമാക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ ആരംഭിച്ച ഘട്ടത്തിലാണ് ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയെത്തിയത്. ഈ നിലയിൽ ബോർഡ് ഇനി എത്ര നാളെന്ന ചോദ്യവും കാർഷിക മേഖലയിൽ ഉയരുന്നു. നിതി ആയോഗിന്റെ ശുപാർശയോടെ നിലനിൽപ് തന്നെ ചോദ്യംചെയ്യപ്പെടുന്ന സവിശേഷ ഘട്ടത്തിലാണ് റബർ ബോർഡ്.
കേന്ദ്രനയംമൂലം റബർബോർഡിന്റെ അധികാരങ്ങൾ ഒന്നൊന്നായി ഇല്ലാതാവുകയും അതിന്റെകൂടി ഫലമായ അനിയന്ത്രിത ഇറക്കുമതിമൂലം വിലയിടിഞ്ഞ് റബർകർഷകർ കൃഷിയിൽനിന്ന് പിൻവാങ്ങുന്ന ഘട്ടത്തിലാണ് ജൂബിലിയാഘോഷം. ബോർഡിന്റെ പ്രവർത്തനങ്ങളും റബർ കൃഷിയുടെയും റബർ അധിഷ്ഠിത വ്യവസായങ്ങളുടെയും വികാസപരിണാമങ്ങളും വിശദമാക്കുന്ന പ്രദർശനം, പൊതുസമ്മേളനം, ബോർഡിന്റെ ഇമാർക്കറ്റ് പ്ലാറ്റ്ഫോമിൽ മികവുകാട്ടിയവർക്കുള്ള അവാർഡ്ദാനം തുടങ്ങിയവയാണ് ജൂബിലി ആഘോഷത്തിലെ പ്രധാന പരിപാടികൾ.
-മുൻ നിരയിൽ കേരളം
രാജ്യത്തെ റബർ കൃഷിയുടെ 90 ശതമാനം എന്ന നിലയിൽ കുത്തക നിലനിർത്തിയിരുന്ന കേരളത്തിൽ ഇപ്പോഴത് 85 ശതമാനത്തിലേക്ക് താഴ്ന്നു. തോട്ട വിസ്തൃതി 5,48, 225 ഹെക്ടർ. ഉൽപാദനം 64,822 ടൺ. ഉപയോഗം 1,34,000 ടൺ.
കൃഷി 8,26,660 ഹെക്ടറിൽ
ബോർഡിന്റെ പുതിയ കണക്കുപ്രകാരം 8,26,660 ഹെക്ടറിലാണ് രാജ്യത്തെ റബർ കൃഷി. 75 വർഷം മുമ്പിത് 62,987 ഹെക്ടർ മാത്രം. ഇപ്പോൾ ഉൽപാദനം നടക്കുന്നത് 7,18,300 ഹെക്ടറിൽ.1947 ൽ 14,681 ടണ്ണായിരുന്ന ഉൽപാദനം ഇന്ന് 7,75,000 ടണ്ണിലെത്തി.
ഉദ്ഘാടനത്തിന് മൂന്ന് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിയും
റബർ ബോർഡിന്റെ ജൂബിലിയാഘോഷ പൊതുസമ്മേളന ഉദ്ഘാടനത്തിന് മൂന്ന് മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിയും ഓൺലൈനിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ത്രിപുര മുഖ്യമന്ത്രി ഡോ. മണിക് സാഹ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ സംസാരിച്ചു. മാമ്മൻ മാപ്പിള ഹാളിൽ തോമസ് ചാഴികാടൻ എംപി ഉദ്ഘാടനംചെയ്തു. ബോർഡ് ചെയർമാൻ ഡോ. സാവർ ധനാനിയ അധ്യക്ഷനായി.
ബോർഡ് ആസ്ഥാനത്ത് സ്ഥാപിച്ച ശില്പം കേന്ദ്ര വ്യവസായ അഡീഷണൽ സെക്രട്ടറി അമർദീപ് സിങ് അനാവരണംചെയ്തു. എംറൂബി അവാർഡുകൾ എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, വിനയ് ദിനു ടെൻഡുൽക്കർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ സമ്മാനിച്ചു. കേരള റബർ ലിമിറ്റഡ് സിഎംഡി ഷീല തോമസ്, ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം വസന്തകേശൻ തുടങ്ങിയവർ സംസാരിച്ചു. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച ആരംഭിച്ച പ്രദർശനം ബുധനാഴ്ച സമാപിക്കും.