പാലക്കാട്
കേരളത്തിലെ ഏറ്റവും തിരക്കേറിയ എറണാകുളം –- ഷൊർണൂർ റൂട്ടിലെ മൂന്നാംപാത സര്‍വേയില്‍ ഒതുങ്ങി. 1500 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയോട് റെയിൽവേക്ക് താൽപ്പര്യമില്ലാത്തതാണ് പദ്ധതി വൈകിപ്പിക്കുന്നത്. മൂന്ന് കേന്ദ്രബജറ്റുകളിലായി ഇതിന് ടോക്കൺ തുക നീക്കിവച്ചെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.
വളവുകളും തിരിവുകളും കൂടുതലായ എറണാകുളം –- ഷൊർണൂർ പാതയിൽ നിലവിലുള്ള ശേഷിയേക്കാൾ കൂടുതൽ ട്രെയിൻ ഓടുന്നുണ്ട്. അതിനാല്‍ ട്രെയിനുകൾക്ക് വേഗം കുറയ്ക്കാതെ വളവിനൊപ്പിച്ച് ട്രെയിൻ ചരിഞ്ഞ് പോകുന്ന ടിൽറ്റിങ് സാങ്കേതികവിദ്യ നടപ്പാക്കുന്നതും ആലോചനയിലുണ്ട്.
സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ, ടിൽറ്റിങ്ങിന് അനുയോജ്യമായ കോച്ചുകൾ ഉൽപ്പാദിപ്പിക്കൽ വൻ ചെലവുണ്ടാക്കുമെന്നതും തിരിച്ചടിയാണ്. ജനവാസമേഖലയായ ഇവിടെ പാതയിലെ വളവുകൾ നിവർത്താൻ സ്ഥലമേറ്റെടുക്കൽ ശ്രമകരമാണ്. നിലവിലെ സ്റ്റേഷനുകളിൽനിന്ന് ദൂരെമാത്രമേ പുതിയ പാത നിർമിക്കാനാകൂ. അതോടെ പുതിയ സ്റ്റേഷനുൾപ്പെടെ നിർമിക്കേണ്ടിയുംവരും.