തിരുവനന്തപുരം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായ തൃക്കടവൂർ ശിവരാജു ഇനി ഗജരാജരത്നം. ഗജരാജാദരവ് ചടങ്ങിൽ പ്രസിഡന്റ് കെ അനന്തഗോപൻ ഗജരാജരത്നം എന്നെഴുതിയ ചെമ്പിൽ തീർത്ത കഴുത്തുമാല ആനയെ അണിയിച്ചു. പാപ്പാൻ കെ ഗോപാലകൃഷ്ണൻ നായരെയും ആദരിച്ചു.
ശിവരാജുവിന്റെ സേവനവും പ്രത്യേകതകളും കണക്കിലെടുത്താണ് ഗജരാജരത്നം പട്ടം നൽകിയത്. തൃക്കടവൂർ മഹാദേവ ക്ഷേത്ര ദേവസ്വത്തിലെ എട്ട് കരയിലുള്ള ഭക്തജനങ്ങളും ദേവസ്വം ബോർഡും ചേർന്ന് 30 വർഷംമുമ്പ് കോന്നി ആനവളർത്തൽ കേന്ദ്രത്തിൽനിന്നാണ് തൃക്കടവൂർ ശിവരാജുവിനെ വാങ്ങിയത്. 1973ൽ കോന്നി റെയിഞ്ചിലെ അട്ടത്തോട് ഭാഗത്തെ കിടങ്ങിൽനിന്നാണ് അഞ്ചുവയസ്സുള്ള ആനക്കുട്ടിയെ വനം വകുപ്പിന് ലഭിച്ചത്. 2020 ഫെബ്രുവരിയിൽ ചാത്തിനംകുളം ഉത്സവ എഴുന്നള്ളത്തിന് ശിവരാജുവിന് 3,19,000 രൂപയാണ് ലഭിച്ചത്. എസ് എസ് ജീവൻ അധ്യക്ഷനായി. ജി സുന്ദരേശൻ, പ്രൊഫ. വി മധുസൂദനൻ നായർ, ബോർഡ് സെക്രട്ടറി എസ് ഗായത്രീദേവി, കമീഷണർ ബി എസ് പ്രകാശ്, ചീഫ് എൻജിനിയർ ആർ അജിത്കുമാർ എന്നിവർ പങ്കെടുത്തു.