ന്യൂഡൽഹി
വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ നിർമാണത്തിനുള്ള 52,000 കോടി രൂപയുടെ കരാർ റഷ്യൻ കമ്പനി ട്രാൻസ്മാഷ്ഹോൾഡിങ് നേടി. 120 ട്രെയിനിന്റെ നിർമാണം, വിതരണം, പരിപാലനം എന്നിവയ്ക്കായാണ് ഇന്ത്യയുമായി കരാറെന്ന് റഷ്യൻ വാർത്താ ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. ഇത് ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാക്കാൻ ട്രെയിനുകളുടെ നിർമാണം ലാത്തൂരിലെ മറാത്ത്വാഡ റെയിൽ കോച്ച് ഫാക്ടറിയിലാക്കും. ജൂൺ ആദ്യവാരം കരാർ ഒപ്പിടും.
രാജ്യത്ത് വികസിപ്പിച്ച 400 ഭാരത് സെമി സ്പീഡ് ട്രെയിൻ വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്താനാണ് റെയിൽവേ പദ്ധതിയിട്ടിരുന്നത്. 2019ൽ ഡൽഹി–-വാരാണസി റൂട്ടിൽ തുടങ്ങിയ ആദ്യ വന്ദേഭാരത് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ചതാണ്. 2023–-24 അവസാനത്തോടെ രാജ്യത്ത് 67 ട്രെയിൻ (1072 കോച്ച്) നിർമിക്കുമെന്ന് പദ്ധതിയിട്ടു. എന്നാൽ 2022–-23ൽ 36 ട്രെയിൻ (576 കോച്ച്) നിർമിക്കാൻ തീരുമാനിച്ച സ്ഥാനത്ത് എട്ടെണ്ണം(128 കോച്ച്) മാത്രമാണ് പൂർത്തീകരിക്കാനായത്. തുടർന്നാണ് നിർമാണത്തിന് ആഗോള ടെൻഡർ വിളിച്ചതെന്ന് റെയിൽവേ വിശദീകരിക്കുന്നു.
ജർമൻ, ഫ്രഞ്ച് കമ്പനികളും ഭെല്ലും (ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്) ലേലത്തിൽ പങ്കെടുത്തുവെന്നും എന്നാൽ റെയിൽ വികാസ് നിഗം ലിമിറ്റഡും റഷ്യൻ കമ്പനിയും ചേർന്ന കൺസോർഷ്യമാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി.നിലവിൽ 14 വന്ദേഭാരത് ട്രെയിനുണ്ട്. കേരളത്തിൽ ഈ മാസം അവസാനത്തോടെ ഓടിത്തുടങ്ങും. റഷ്യൻ കമ്പനി 120 ട്രെയിൻ നൽകിയാലും 400 സർവീസ് ലക്ഷ്യം നേടാൻ സാധ്യതയില്ല.