തിരുവനന്തപുരം
പുനഃസംഘടനാ പട്ടിക ഏതു വിധത്തിൽ തയ്യാറാക്കിയാലും തമ്മിലടി ഉണ്ടാകുമെന്ന ആശങ്കയിൽ കെപിസിസി നേതൃത്വം. പുനഃസംഘടനാ ഉപസമിതി ബുധനാഴ്ച വൈകിട്ട് യോഗം ചേരുമെങ്കിലും കാര്യമുണ്ടാകില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പട്ടിക പരിശോധിച്ച് പ്രാഥമിക കരടിന് രൂപം നൽകാനാണ് തീരുമാനം. 19ന് തന്നെ പേര് അയക്കണമെന്ന് അന്ത്യശാസനമുണ്ടെങ്കിലും മുഴുവൻ ജില്ലയിൽനിന്നും പട്ടിക എത്തുമെന്ന ഉറപ്പില്ല. ഗ്രൂപ്പ് ആവശ്യം അംഗീകരിക്കാത്ത പക്ഷം പുനഃസംഘടനതന്നെ പ്രതിസന്ധിയിലാകും. തിരുവനന്തപുരം ഉൾപ്പെടെ 100 മുതൽ 160 വരെ പേരുടെ പട്ടിക നൽകിയ ജില്ലകളിലെ ഭാരവാഹികളെ നിശ്ചയിക്കലും കീറാമുട്ടിയാണ്.
പ്രാഥമിക ഘട്ടത്തിൽത്തന്നെ പുറത്താകുന്നവരുടെയും ഗ്രൂപ്പ് നേതാക്കളുടെയും പ്രതിഷേധം കനത്താൻ അന്തിമ പട്ടിക പുറത്തുവിടുന്നത് കൂടുതൽ പ്രശ്നങ്ങളിലേക്കെത്തിക്കും. കെ സി വേണുഗോപാൽ, വി ഡി സതീശൻ, കെ സുധാകരൻ എന്നിവരുടെ താൽപ്പര്യങ്ങൾക്കായിരിക്കും പട്ടികയിൽ പ്രാഥമിക പരിഗണന. എന്നാൽ, പരമ്പരാഗത ഗ്രൂപ്പുകളെ അവഗണിച്ചാൽ അത് തിരിച്ചടിക്കും. ഈ പ്രതിസന്ധിതന്നെയാണ് മാസങ്ങളായി പുനഃസംഘടനയിൽ പൊള്ളുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ പുനഃസംഘടന നടത്തി പാർടിയിൽ കലാപമുണ്ടാക്കുന്നതിനോട് ഒരു വിഭാഗം നേതാക്കൾക്ക് എതിർപ്പുമുണ്ട്.