തിരുവനന്തപുരം
പീക് അവറിന്റെ രണ്ടാംഭാഗത്തെ അധിക വൈദ്യുതി ഉപയോഗം കെഎസ്ഇബിക്ക് വൻ ബാധ്യതയാകുന്നു. വൈകിട്ട് ആറുമുതൽ 11 വരെയാണ് വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന പീക് അവർ. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗം നടക്കുന്നത് ആറുമുതൽ 8.30 വരെയുള്ള ആദ്യ ഭാഗത്താണ്. ചൂട് കൂടിയതോടെ 8.30 മുതൽ 11 വരെയുള്ള രണ്ടാം ഭാഗത്തും ഉപയോഗം കുതിച്ചുയർന്നു. ഇത് പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബിയെ നിർബന്ധിതമാക്കി. യൂണിറ്റിന് ആറുമുതൽ 10 രൂപവരെ നൽകിയാണ് വാങ്ങുന്നത്. കൂടുതൽ തുക നൽകി വൈദ്യുതി വാങ്ങിയാലും സർ ചാർജ് ഈടാക്കണമെങ്കിൽ വൈദ്യുതി റെഗുലേറ്ററി കമീഷന്റെ അനുമതി വേണം. മുൻ വർഷത്തെ സർ ചാർജ് ഈടാക്കണമെന്ന ആവശ്യംപോലും റെഗുലേറ്ററി കമീഷൻ അംഗീകരിച്ചിട്ടില്ല. വൈദ്യുതിനിരക്ക് വർധനയും പരിഗണിച്ചിട്ടില്ല.
പീക് ടൈമിൽ സൂക്ഷിക്കണം
ഇസ്തിരിപ്പെട്ടി, പമ്പ് സെറ്റ്, വാഷിങ് മെഷീൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയവ വൈകിട്ട് ആറുമുതൽ 11 വരെ ഉപയോഗിക്കാതിരുന്നാൽ ഒരു പരിധിവരെ പ്രശ്നം പരിഹരിക്കാം. ഇവ പകലോ രാത്രി 11നു ശേഷമോ ആക്കാൻ ജനങ്ങളോട് കെഎസ്ഇബി അഭ്യർഥിച്ചു.
തിങ്കളാഴ്ചമാത്രം 10.035 കോടി യൂണിറ്റ്
സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലേക്ക്. തിങ്കളാഴ്ച 10.035 കോടി യൂണിറ്റാണ് കേരളം ഉപയോഗിച്ചത്. കഴിഞ്ഞമാസം 13ന് ഇത് 10 കോടി യൂണിറ്റായിരുന്നു. 14ന് 10 കോടി മറികടന്നിരുന്നു. അവധി ദിനമായ ഞായറാണ് നേരിയ കുറവുള്ളത്. വൈകിട്ടത്തെ പീക് ടൈമിൽ തിങ്കളാഴ്ചത്തെ ഉപയോഗം 4894 മെഗാവാട്സാണ്. കൂടുതൽ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും ചൂട് കൂടിയതും കണക്കിലെടുത്ത് ഏപ്രിൽ, മെയ് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചതിനാൽ ക്ഷാമം ഉണ്ടാകില്ല.
സ്മാർട്ട് മീറ്റർ ; സംഘടനാ നേതാക്കളുമായി
മന്ത്രിയുടെ ചർച്ച ഇന്ന്
വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതിയെക്കുറിച്ച് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ട് സംഘടനകളുമായി ചർച്ച ചെയ്യണമെന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ബുധൻ വൈകിട്ട് സംഘടനാ നേതാക്കളുമായി ചർച്ച നടത്തും. ടോട്ടക്സ് മാതൃകയിൽ കുത്തകകൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ അനുമതി നൽകിയാൽ ബോർഡിന് വരുമാന നഷ്ടമുണ്ടാകുമെന്നു കാണിച്ച് കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനുമാണ് നിവേദനം നൽകിയത്. കെഎസ്ഇബി ഡയറക്ടർമാരെ പുറത്തുനിന്ന് നിയമിക്കരുതെന്ന ആവശ്യത്തിലും ചർച്ച നടക്കും. വിദഗ്ധ സമിതി റിപ്പോർട്ടിൽ തീരുമാനമാകുംവരെ സ്മാർട്ട് മീറ്റർ ടെൻഡർ നടപടി നിർത്തിയിരിക്കുകയാണ്.