ഖാർത്തൂം
സൈനികർക്കും അർധസൈനികർക്കുമിടയിൽ ഏറ്റുമുട്ടൽ രൂക്ഷമായ സുഡാനിൽ നാലുദിവസത്തിനിടെ 200 സാധാരണക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ചൊവ്വ വൈകിട്ടുവരെ 185 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 1800 പേർക്ക് പരിക്കേറ്റു. പലരും ഗുരുതരാവസ്ഥയിലാണ്. മരണസംഖ്യ ഉയരാൻ ഇടയുണ്ടെന്നും ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അതിനിടെ, ഏറ്റുമുട്ടുന്ന സൈനികരും അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ വെടിനിർത്തലിന് ധാരണമായി. ചൊവ്വ വൈകിട്ട് ആറുമുതൽ 24 മണിക്കൂറാണ് വെടിനിർത്തൽ. ശനി മുതൽ സൈനിക–- അർധസൈനികർക്കിടയിൽ തുടരുന്ന ഏറ്റുമുട്ടൽ തലസ്ഥാനമായ ഖാർത്തൂമിനെയടക്കം സംഘർഷഭൂമിയാക്കിയിരുന്നു. രാജ്യത്ത് പ്രധാന നഗരങ്ങളിൽ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാനാകുന്നില്ല. പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭിക്കുന്നില്ല. മൃതദേഹങ്ങളും നീക്കം ചെയ്യാനാകാത്ത സ്ഥിതിയാണ്.
ആരോഗ്യപ്രവർത്തകർക്ക് ആശുപത്രികളിൽ എത്താനാകാത്തതിനാൽ നിരവധി ആശുപത്രികളും അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, തിങ്കളാഴ്ച അമേരിക്കൻ നയതന്ത്രജ്ഞർ സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ ഖാർത്തൂമിൽ വെടിവയ്പുണ്ടായി. റാപിഡ് സപ്പോർട്ട് ഫോഴ്സുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
ഖാർത്തൂമിലെ യൂറോപ്യൻ യൂണിയൻ, നോർവീജിയൻ സ്ഥാനപതികളുടെ ഔദ്യോഗിക വസതിയിലേക്കും ഷെല്ലാക്രമണമുണ്ടായി. സൈനിക മേധാവി ജനറൽ അബ്ദേൽ ഫത്താ ബർഹാൻ, ആർഎസ്എഫ് മേധാവി ജനറൽ മൊഹമ്മദ് ഹംദാൻ ദഗലോ എന്നിവരുമായി ബ്ലിങ്കൻ ഫോണിൽ സംസാരിച്ചു. ഏറ്റുമുട്ടൽ രൂക്ഷമായതിനാൽ അടിയന്തര സഹായം എത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടനയും റെഡ് ക്രോസും ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടി.