ലാഹോർ
പാകിസ്ഥാനെതിരായ അഞ്ച് മത്സര ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ നിർണായക കളിയിൽ ജയം നേടി ന്യൂസിലൻഡ്. മൂന്നാം ട്വന്റി 20യിൽ നാല് റണ്ണിന് ജയിച്ചതോടെ പരമ്പര 1–-2 എന്ന നിലയിലായി. ആദ്യ രണ്ട് കളിയും പാക് പട നേടിയിരുന്നു. ന്യൂസിലൻഡിന്റെ 164 റൺ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 159 റണ്ണിന് എല്ലാവരും പുറത്തായി. 49 പന്തിൽ 64 റണ്ണടിച്ച കിവീസ് ക്യാപ്റ്റൻ ടോം ലാതമാണ് കളിയിലെ താരം.
സ്കോർ: ന്യൂസിലൻഡ് 5–-163 പാകിസ്ഥാൻ 159.
ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ലാതമിന്റെ മിടുക്കിലാണ് അവർ കുതിച്ചത്. രണ്ട് സിക്സറും ഏഴ് ഫോറും ക്യാപ്റ്റൻ പായിച്ചു. ഡാരിൽ മിച്ചെലും (26 പന്തിൽ 33) തിളങ്ങി. മറ്റാർക്കും സ്കോർ ഉയർത്താനായില്ല. ജിമ്മി നീഷം (10) നിരാശപ്പെടുത്തി. മറുപടിയിൽ കരുത്തരായ ബാബർ അസം–-മുഹമ്മദ് റിസ്വാൻ ഓപ്പണിങ് കൂട്ടുകെട്ട് മങ്ങിയത് പാകിസ്ഥാന് തിരിച്ചടിയായി. റിസ്വാൻ ആറ് റണ്ണിനും ബാബർ ഒരു റണ്ണിനും പുറത്തായി.
എട്ടാമനായെത്തിയ ഇഫ്ത്തിഖർ അഹമ്മദ് (24 പന്തിൽ 60) തകർത്തടിച്ചെങ്കിലും കാര്യമുണ്ടായില്ല. അവസാന ഓവറിൽ 15 റണ്ണായിരുന്നു ജയിക്കാൻ. നീഷം എറിഞ്ഞ ആദ്യ മൂന്ന് പന്തിൽ 10 റൺ ഇഫ്ത്തിഖർ നേടിയെങ്കിലും നാലാംപന്തിൽ പുറത്തായി. പിന്നാലെയെത്തിയ ഹാരിസ് റൗഫിന് അടുത്ത പന്തിൽ റണ്ണെടുക്കാനായില്ല. അവസാന പന്തിൽ പുറത്താകുകയും ചെയ്തു. നീഷം മൂന്ന് വിക്കറ്റ് വീഴ്ത്തി. നാളെയാണ് നാലാം ട്വന്റി 20.