കൊച്ചി
സംസ്ഥാനത്തെ കൃഷിക്കും കർഷകർക്കും ഭീഷണിയായി കടുത്തവേനൽച്ചൂട്. താപനില ക്രമാതീതമായി ഉയരുമ്പോൾ വാടുകയാണ് കാർഷികവിളകൾ. മാർച്ച് ഒന്നുമുതൽ ഏപ്രിൽ 18 വരെയുള്ള കണക്കുകൾപ്രകാരം 12.61 കോടി രൂപയുടെ നഷ്ടമാണ് കാർഷിക മേഖലയിൽ ഉണ്ടായിരിക്കുന്നത്. 634.77 ഹെക്ടറിൽ കൃഷി നശിച്ചു. 3091 കർഷകരെയാണ് ബാധിച്ചത്.
വൻ നാശനഷ്ടമുണ്ടായത് വാഴക്കൃഷിയിലാണ്. കുലച്ച 1,02,881 വാഴകളും കുലയ്ക്കാത്ത 36,956 വാഴകളും നശിച്ചു. നഷ്ടം 7.65 കോടി. 234.15 ഹെക്ടർ നെൽക്കൃഷി നശിച്ചു; നഷ്ടം 3.51 കോടി. 14.21 ഹെക്ടർ കവുങ്ങ്, 13.82 ഹെക്ടർ കുരുമുളക്, 4.2 ഹെക്ടർ പച്ചക്കറി, 2.2 ഹെക്ടർ പൈനാപ്പിൾ കൃഷിയും നശിച്ചു. ഈ മേഖലകളിൽ യഥാക്രമം 45.04, 49.95, 1.82, 1.32 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. തെങ്ങ്, ജാതി, മരച്ചീനി തുടങ്ങിയ വിളകളെയും ചൂട് ബാധിച്ചു.
പാലക്കാട്, തിരുവനന്തപുരം, കാസർകോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. പാലക്കാട് തുടർച്ചയായി എട്ടുദിവസം താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. സംസ്ഥാനത്ത് ശരാശരി ചൂട് 36 ഡിഗ്രി സെൽഷ്യസിന് മുകളിലും. ചൂട് ഇനിയും ഉയർന്നാൽ നാശനഷ്ടവും കൂടും. കണക്കെടുപ്പ് പുരോഗമിക്കുകയാണ്. ജില്ല, കൃഷിനാശം (ഹെക്ടർ), നഷ്ടം (ലക്ഷത്തിൽ) എന്നിവ പട്ടികയിൽ.