തിരുവനന്തപുരം
കക്ഷികളുടെ ആഗ്രഹവും താൽപ്പര്യവും അനുസരിച്ച് ഉത്തരവിടാനാകില്ലെന്ന് ലോകായുക്ത പത്രക്കുറിപ്പിൽ പറഞ്ഞു. ദുരിതാശ്വാസനിധി കേസ് പരിഗണിക്കുന്ന ജഡ്ജിമാർക്കെതിരെ ഹർജിക്കാരനും കൂട്ടാളികളും ദുഷ്പ്രചാരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ലോകായുക്തയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ പത്രക്കുറിപ്പ് ഇറക്കിയത്.
ഭയമോ പ്രീതിയോ സ്നേഹമോ ശത്രുതയോ ഇല്ലാതെ ഉത്തരവാദിത്വം നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്തവരാണ് ലോകായുക്തയിലെ ജഡ്ജിമാർ. നിയമപരമായ ചോദ്യങ്ങൾക്കുത്തരം പറയാതെ അടിസ്ഥാനരഹിതമായ ഇതര വിഷയങ്ങളുയർത്തി നിയമപ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ച് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് പരാതിക്കാരന്റേത്. ഉത്തരവ് നിയമപരമായി തെറ്റാണെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യാതെ ജഡ്ജിമാരെ അധിക്ഷേപിക്കുന്ന നടപടി പ്രതിഷേധാർഹമാണ്.
മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയുമല്ലാതെ മറ്റാളുകൾ പങ്കെടുത്തില്ലെന്ന പ്രചാരണം ദുരുദ്ദേശ്യപരമാണ്. തലസ്ഥാനത്തെ ഔദ്യോഗിക രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരോടൊപ്പം വിശിഷ്ടാതിഥികളായി ക്ഷണം ലഭിച്ചതിനാലാണ് അവർ പങ്കെടുത്തത്. മുഖ്യമന്ത്രിയും ലോകായുക്തയും സ്വകാര്യസംഭാഷണം നടത്തിയെന്ന പ്രസ്താവന പച്ചക്കള്ളമാണ്. ഔദ്യോഗിക വിരുന്നിൽ പങ്കെടുത്താൽ സർക്കാരിന് അനുകൂലമായി വിധിയെഴുതുന്നവരാണ് ജഡ്ജിമാരെന്ന ചിന്ത അധമവും സംസ്കാരരഹിതവുമാണ്.
ഹർജിക്കാരനെ പേപ്പട്ടിയെന്ന് വിളിച്ചെന്ന പ്രചാരണം തെറ്റാണ്. കേസ് നടക്കുമ്പോൾ പരാതിക്കാരനും കൂട്ടാളികളും സമൂഹമാധ്യമങ്ങളിലൂടെ ജഡ്ജിമാരെ വ്യക്തിപരമായി അവഹേളിക്കുന്നതിലെ അനൗചിത്യമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്. വിവേകപൂർവമായ പ്രതികരണത്തിന് ഒരുദാഹരണവും പറഞ്ഞു. ആശയം വിശദമാക്കാൻ ഉദാഹരണം പറഞ്ഞാൽ പരാതിക്കാരനെ ‘പേപ്പട്ടിയെന്ന് വിളിച്ചു’ എന്ന് പറഞ്ഞു ബഹളമുണ്ടാക്കുന്നത് നിയമപ്രശ്നത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ്. ലോകായുക്ത ഹർജിക്കാരനെ ‘പേപ്പട്ടി’യെന്നു വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേർന്ന് ആ തൊപ്പി അദ്ദേഹത്തിന് അണിയിക്കുകയായിരുന്നുവെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.