തിരുവനന്തപുരം
വിഷുനാളിൽ കൈനീട്ടം കിട്ടുന്നത് പുതിയ കാര്യമല്ല. എന്നാൽ, കെ ഫോണിന്റെ സൗജന്യ ഇന്റർനെറ്റ് കണക്ഷൻ കിട്ടിയാലോ. അങ്ങനെയൊരു വിഷു സമ്മാനം ലഭിച്ചതിന്റെ ത്രില്ലിലാണ് തൃശൂർ കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജിലെ ബികോം വിദ്യാർഥി ടി ജെ കൃഷ്ണ.
പഞ്ചായത്തിൽനിന്ന് സൗജന്യമായി ലഭിച്ച ലാപ്ടോപ്പിനൊപ്പം സൗജന്യ ഇന്റർനെറ്റും അങ്ങനെ സ്വന്തമായി. കെ ഫോണിന്റെ കണക്ഷൻ ലഭിക്കുമെന്ന് അറിഞ്ഞിരുന്നു. എന്നാൽ, ഇങ്ങനെയൊരു സർപ്രൈസ് കൃഷ്ണയും സഹോദരൻ ജിഷ്ണുവും തീരെ പ്രതീക്ഷിച്ചില്ല.
നാട്ടിക തൃപ്രാടൻ വീട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായ ജനാർദനന്റെയും ഇന്ദിരയുടെയും മക്കളാണിവർ. ഇവരുടെ വീട്ടിൽ മാത്രമല്ല തൃശൂർ, കോട്ടയം ജില്ലയിലെ നൂറോളം വീട്ടിൽ വിഷു ദിവസംതന്നെ ഈ സമ്മാനമെത്തി. ഉടൻ മറ്റ് ജില്ലയിലേക്കും വ്യാപിപ്പിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ 14,000 വീടുകളിലെത്തും. ഇതിൽ 7080 വീട്ടിലാണ് കണക്ഷൻ നൽകി തുടങ്ങിയത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ വീട്ടിലും കണക്ഷൻ ഉറപ്പാക്കുമെന്ന് കെ ഫോൺ ലിമിറ്റഡിന്റെ ചുമതലയുള്ള കെഎസ്ഐടിഐഎൽ എംഡി ഡോ. സന്തോഷ് ബാബു ദേശാഭിമാനിയോട് പറഞ്ഞു. കേരള വിഷൻ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനെ ഇന്റർനെറ്റ് കണക്ഷൻ പങ്കാളിയായും തെരഞ്ഞെടുത്തു.