തിരുവനന്തപുരം
ക്ഷേമ, വികസന പദ്ധതികൾ സംയോജിപ്പിച്ച് നവകേരളം സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 50 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഉദ്ഘാടനവും ആർദ്രകേരളം പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആരോഗ്യരംഗത്തിന് ബജറ്റ് വിഹിതം 665 കോടി രൂപയുണ്ടായിരുന്നത് ഇപ്പോൾ 2828 കോടി രൂപയാക്കി. ആരോഗ്യരംഗത്തെ വലിയ പ്രാധാന്യത്തോടെ സർക്കാർ സമീപിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. കാരുണ്യ പദ്ധതിയിലൂടെ കേരളത്തിൽ 1630 കോടി രൂപ വിതരണം ചെയ്തപ്പോൾ കേന്ദ്ര വിഹിതം 138 കോടി മാത്രമാണ്. പദ്ധതിയുടെ 90 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്.
എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സര്ക്കാര് ലക്ഷ്യം. കുടുംബാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം. ആർദ്രം പദ്ധതിയിൽ എത്രത്തോളം ഇടപെട്ടെന്ന് പരിശോധിക്കണം. ഭാവിയിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കി ഒട്ടേറെ പദ്ധതി ഏറ്റെടുക്കേണ്ടതുണ്ട്.
ആർദ്രം പദ്ധതിയടക്കം ആരോഗ്യമേഖലയിലുണ്ടായ മാറ്റത്തിന്റെ ഗുണഫലം കേരളം കോവിഡ് സമയത്ത് അനുഭവിച്ചു. ലോകം നമ്മുടെ നാടിനെ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടത്. കേരളത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞിരുന്നവർപോലും കോവിഡ് കാലത്ത് ഇവിടേക്ക് എത്താൻ ആഗ്രഹിച്ചു. കേരളം എത്രമാത്രം മാറിപ്പോയെന്ന് പറയുന്ന രീതിയിലാണ് നമ്മുടെ മുന്നേറ്റം. കേരളത്തിന്റെ ഒരുമയുടെ ഫലമായാണ് ഇതെല്ലാം നേടാനായത്.
ആരോഗ്യ സംവിധാനങ്ങളുടെ കൃത്യസമയത്തുള്ള ഇടപെടൽ വലിയ പ്രശ്നങ്ങളെ തടയാനാകും. ആളുകളെ പരിശോധനാ കേന്ദ്രത്തിലെത്തിക്കാൻ ആരോഗ്യപ്രവർത്തകരും തദ്ദേശസ്ഥാപനങ്ങളും മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻഎച്ച്എം ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ഐഎസ്എം ഡയറക്ടർ ഡോ. കെ എസ് പ്രിയ, ഹോമിയോപതി ഡയറക്ടർ ഡോ. എം എൻ വിജയാംബിക, കൗൺസിലർ ഡോ. കെ എസ് റീന, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന എന്നിവർ സംസാരിച്ചു.