തിരുവനന്തപുരം
കോൺഗ്രസ് പുനഃസംഘടനയ്ക്കുള്ള കരട് പട്ടിക പത്തൊമ്പതിനുള്ളിൽ സമർപ്പിക്കാത്തവരിൽനിന്ന് പേരുകൾ സ്വീകരിക്കില്ലെന്ന് ഡിസിസികൾക്ക് വീണ്ടും അന്ത്യശാസനം. പട്ടിക തരാത്ത ജില്ലകളിലെ ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളെ കെപിസിസി പുനഃസംഘടനാ സമിതി നിശ്ചയിക്കും. നാല് ജില്ല മാത്രമാണ് കരട് പട്ടിക നൽകിയത്. അതിൽത്തന്നെ ഒരു ബ്ലോക്കിലേക്ക് 100 പേരുടെവരെ പട്ടിക നൽകിയവരുണ്ട്. എല്ലാ ജില്ലയിൽനിന്നും പട്ടിക ലഭിക്കാത്തതിനാൽ തിങ്കളാഴ്ച ചേരാനിരുന്ന സമിതി യോഗം പത്തൊമ്പതിലേക്ക് മാറ്റി. മുതിർന്ന നേതാവ് കെ സി ജോസഫും വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിലും ഉൾപ്പെട്ട സമിതിയുടെ യോഗം ആര് വിളിക്കണമെന്ന കാര്യത്തിലും തർക്കമുണ്ടായിരുന്നു. ഒടുവിൽ കെപിസിസി അധ്യക്ഷൻ തന്നെയാണ് യോഗം വിളിച്ചത്. 20ന് രാഷ്ട്രീയ കാര്യസമിതി യോഗവും ചേരുന്നുണ്ട്.
തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാതെ മുന്നോട്ടില്ലെന്ന കടുത്ത നിലപാട് ഗ്രൂപ്പുകളും എംപിമാരും എടുത്തതോടെയാണ് പുനഃസംഘടനാ സമിതിയെ വച്ചത്. ഗ്രൂപ്പുകാലം അവസാനിച്ചെന്ന് പ്രഖ്യാപിച്ച വി ഡി സതീശനും കെ സുധാകരനും സ്വന്തം ഗ്രൂപ്പുണ്ടാക്കി വേരുറപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പാളി. കെ സി വേണുഗോപാൽ പിടിമുറുക്കിയതോടെയാണ് പുനഃസംഘടന അന്തമില്ലാതെ നീളുന്നതെന്ന് സുധാകരനൊപ്പം ഉള്ളവർ ആരോപിക്കുന്നു.