മുംബൈ
കോച്ച് റിക്കി പോണ്ടിങ്. ക്യാപ്റ്റൻ ഡേവിഡ് വാർണർ. കടലാസിൽ മുന്തിയ ബാറ്റിങ് നിര. മൂർച്ചയുള്ള ബൗളർമാർ. പക്ഷേ, ഡൽഹി ക്യാപിറ്റൽസിന് കളി ജയിക്കാനാകുന്നില്ല. കളിച്ചതിൽ അഞ്ചും ദയനീയമായി തോറ്റു. കാറപകടത്തിൽ ഋഷഭ് പന്തിന് പരിക്കേറ്റത് ഐപിഎൽ തുടങ്ങുംമുമ്പെ തിരിച്ചടിയായി. എങ്കിലും മികച്ച ടീമാണ്. പക്ഷേ, കളത്തിൽ രക്ഷപ്പെടുന്നില്ല. ഓപ്പണറും ക്യാപ്റ്റനുമായ വാർണർ റണ്ണടിച്ചുകൊണ്ടേയിരിക്കുന്നു. അഞ്ച് കളിയിൽ 228 റൺ. പട്ടികയിൽ മൂന്നാമനാണ്. വിശ്വസ്തനായ ഒരു പങ്കാളിയില്ലാത്തതാണ് പ്രധാന പ്രശ്നം. സഹ ഓപ്പണറായ പൃഥ്വി ഷാ രക്ഷപ്പെടുന്നേയില്ല. 0, 15, 0, 7, 12 എന്നിങ്ങനെയാണ് സ്കോർ. അതിനാൽ മികച്ചൊരു തുടക്കം സാധ്യമാകുന്നില്ല. അഞ്ച് കളിയിലെയും സ്കോർ വിലയിരുത്തിയാൽ ശരാശരി 150ന് അടുത്തേയുള്ളു. മുംബൈക്കെതിരെ നേടിയ 172 ആണ് ഉയർന്ന സ്കോർ. രാജസ്ഥാനെതിരെയുള്ള 142 ചെറിയ സ്കോർ.
ഓസ്ട്രേലിയക്കാരൻ മിച്ചൽ മാർഷായിരുന്നു വലിയ പ്രതീക്ഷ. പക്ഷേ, നിരാശയായിരുന്നു ഫലം. മധ്യനിരയിൽ കാര്യമായ സ്കോറിങ് നടക്കുന്നില്ല. വാലറ്റക്കാരുടെ ചെറുത്തുനിൽപ്പിലാണ് സ്കോർ പലപ്പോഴും 150 കടക്കുന്നത്. ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർത്യേ നയിക്കുന്ന ബൗളിങ് പടയിൽ മിടുക്കരുണ്ട്. മുകേഷ് കുമാറും ഖലീൽ അഹമ്മദും പിന്തുണയ്ക്കാനുണ്ട്. സ്പിന്നർമാരായി അക്സർ പട്ടേലും കുൽദീപ് യാദവും.
കഴിഞ്ഞ സീസണിൽ അഞ്ചാംസ്ഥാനമായിരുന്നു. 2020ൽ റണ്ണറപ്പായതാണ് പ്രധാന നേട്ടം. അടുത്തകളി വ്യാഴാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ്. ഇനിയുള്ള ഓരോ തോൽവിയും പ്ലേ ഓഫ് സാധ്യതയെ ബാധിക്കും.