മഞ്ചേരി
പിന്നിട്ടുനിന്നശേഷം ഹൈദരാബാദ് എഫ്സിയെ 2–-1ന് മറികടന്ന് ഒഡിഷ എഫ്സി സൂപ്പർ കപ്പ് ഫുട്ബോളിൽ സെമിയിൽ. ഗ്രൂപ്പ് ബിയിൽ ഏഴ് പോയിന്റുമായി ചാമ്പ്യൻമാരായാണ് മുന്നേറ്റം. ജാവിയെർ സിവേറിയോയിലൂടെ ഹൈദരാബാദ് മുന്നിലെത്തിയപ്പോൾ ദ്യേഗോ മൗറീസിയോ ഒഡിഷയ്ക്ക് സമനില സമ്മാനിച്ചു. 86–-ാം മിനിറ്റിൽ വിക്ടർ റോഡ്രിഗസ് വിജയഗോളും കുറിച്ചു.
കളിയുടെ തുടക്കത്തിലേ ഹൈദരാബാദ് ഒഡിഷയെ വിറപ്പിച്ചു. വലതുവിങ്ങിൽനിന്ന് മധ്യനിരക്കാരൻ ബോർജ ഗോൺസാലസ് നൽകിയ ക്രോസ് സിവേറിയോ ഹെഡറിലൂടെ വലയിലെത്തിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ഒഡിഷ ഗോൾ മടക്കി. കോർണറിൽനിന്നായിരുന്നു ഗോൾ. ഗോളി തട്ടിയിട്ട ബോൾ നരേന്ദ്രർ പോസ്റ്റിലെത്തിക്കാൻ ശ്രമിച്ചു. വീണ്ടും ഗോളിയുടെ ശരീരത്തിൽതട്ടി പുറത്തുവന്ന ബോൾ മൗറീസിയോ ഹെഡറിലൂടെ വലയിലെത്തിച്ചു. ജയത്തിനായി കളം നിറഞ്ഞ ഹൈദരാബാദിന് നിരവധി അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
അവസാന നിമിഷങ്ങളിൽ മൗറീസിയോ നൽകിയ ഗ്രൗണ്ട് പാസ് മധ്യനിരക്കാരൻ റോഡ്രിഗസ് വലയിലെത്തിച്ചു. പരിക്കുസമയത്ത് മൗറീസിയോയെ പെനൽറ്റി ബോക്സിന് പുറത്ത് ഫൗൾ ചെയ്തതിന് ഹൈദരാബാദ് ഗോൾകീപ്പർ ഗുർമീത് ചുവപ്പുകാർഡ് കണ്ട് പുറത്തായി.
മറ്റൊരു മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയും ഐസ്വാൾ എഫ്സിയും സമനിലയിൽ (2‐2) പിരിഞ്ഞു. ഈസ്റ്റ് ബംഗാളിനായി മധ്യനിരക്കാരൻ നോറെം മഹേഷ് സിങ്ങും സുമീത് പാസിയും ഗോൾ നേടി. ഡേവിഡ് ലാൽഹ്ലാൻസംഗ എന്നിവർ ഐസ്വാളിനായി സ്കോർ ചെയ്തു. 22ന് ഗ്രൂപ് ഡി ചാമ്പ്യൻമാരുമായാണ് ഒഡിഷയുടെ സെമിഫൈനൽ മത്സരം.