മാഡ്രിഡ്/നേപ്പ്ൾസ്
സ്വന്തംതട്ടകത്തിൽ ചെൽസിയെ തകർത്ത് ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ സെമിയിലേക്ക് കുതിക്കാൻ റയൽ മാഡ്രിഡ്. സാന്റിയാഗോ ബെർണബ്യൂവിൽ ഇന്ന് രാത്രി 12.30നാണ് രണ്ടാംപാദ ക്വാർട്ടർ.
ആദ്യപാദത്തിൽ നേടിയ രണ്ട് ഗോൾ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ റയൽ. ചെൽസിയാകട്ടെ അവസാന അഞ്ച് കളിയിൽ നാലിലും തോറ്റു. മറ്റൊരു ക്വാർട്ടറിൽ നാപോളി എസി മിലാനെ നേരിടും. ആദ്യപാദം ഒരു ഗോളിന് മിലാൻ നേടിയിരുന്നു. ചെൽസിക്കെതിരെ റയലിന് ആശങ്കകൾ ഒന്നുമില്ല. പ്രധാന താരങ്ങളെല്ലാം പൂർണക്ഷമതയിലാണ്. കരിം ബെൻസെമ, വിനീഷ്യസ് ജൂനിയർ, മാർകോ അസെൻസിയോ എന്നീ മുന്നേറ്റക്കാരിലാണ് പ്രതീക്ഷകൾ. സ്പാനിഷ് ലീഗിൽ രണ്ടാമതാണ് റയൽ. രണ്ട് കിരീടങ്ങൾ സീസണിൽ നേടിക്കഴിഞ്ഞു. ചെൽസിക്കാകട്ടെ പ്രതിരോധക്കാരൻ ബെൻ ചിൽവെൽ സസ്പെൻഷനിലാണ്. കഴിഞ്ഞകളിയിൽ ചിൽവെല്ലിന് ചുവപ്പുകാർഡ് കിട്ടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 11–-ാംസ്ഥാനത്താണ്.
ഇറ്റലിക്കാരുടെ പോരിൽ മിലാനെതിരെ ആദ്യപാദം നാപോളിക്ക് പ്രതീക്ഷിച്ച കളി പുറത്തെടുക്കാനായിരുന്നില്ല. ഇറ്റാലിയൻ ലീഗിൽ മികച്ച പ്രകടനവുമായി ഒന്നാമതുള്ള നാപോളി സ്വന്തംതട്ടകത്തിൽ ജയം പിടിക്കാമെന്ന കണക്കുക്കൂട്ടലിലാണ്. സെമി പ്രവേശനത്തിന് രണ്ട് ഗോൾ ജയം അനിവാര്യമാണവർക്ക്.