ബംഗളൂരു
ആകെ 444 റൺ, 33 സിക്സറും 24 ബൗണ്ടറിയും. റൺമഴ പെയ്ത കളിയിൽ ഒടുവിൽ ചെന്നൈ സൂപ്പർ കിങ്സ് സന്തോഷിച്ചു. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ എട്ട് റണ്ണിന് വീഴ്ത്തി. ചെന്നൈ ഉയർത്തിയ 227 റൺ വിജയലക്ഷ്യത്തിലേക്ക് അതേ നാണയത്തിലായിരുന്നു ഫാഫ് ഡു പ്ലെസിസിന്റെയും കൂട്ടരുടെയും മറുപടി. എന്നാൽ, 218 റണ്ണിൽ ആ പോരാട്ടം അവസാനിച്ചു.
സ്കോർ: ചെന്നൈ 6–-226 ബാംഗ്ലൂർ 8–-218
ബാറ്റർമാരുടെ പറുദീസയായ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട ചെന്നൈ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ഓപ്പണർ ഡെവൻ കോൺവേയുടെയും (45 പന്തിൽ 83) ശിവം ദുബെയുടെയും (27 പന്തിൽ 52) കരുത്തിലാണ് കുതിച്ചത്. സെഞ്ചുറിയിലേക്ക് കുതിച്ച കോൺവേയെ ഹർഷൽ പട്ടേൽ ബൗൾഡാക്കി. ആറുവീതം ഫോറും സിക്സറും നേടിയ കോൺവേ സ്കോർ ഇരുനൂറിനോട് അടുപ്പിച്ചു. അഞ്ച് സിക്സർ പറത്തിയ ദുബെ രണ്ട് ഫോറും കണ്ടെത്തി. അജിൻക്യ രഹാനെ 20 പന്തിൽ 37 റൺ നേടി. ഇന്നിങ്സിൽ മൂന്ന് ഫോറും രണ്ട് സിക്സറുമുണ്ടായിരുന്നു.
മറുപടിയിൽ ബാംഗ്ലൂരുവിന് 15 റണ്ണെടുക്കവേ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. എന്നാൽ, മൂന്നാം വിക്കറ്റിൽ ഒത്തുകൂടിയ ഡു പ്ലെസിസും (33 പന്തിൽ 62) ഗ്ലെൻ മാക്സ്വെല്ലും (36 പന്തിൽ 76) തകർത്തടിച്ചു. 61 പന്തിൽ ഇരുവരും 126 റൺ ചേർത്തു. നാല് സിക്സറും അഞ്ച് ഫോറും ഡു പ്ലെസിസ് നേടി. മാക്സ്വെൽ എട്ട് സിക്സർ പറത്തിയപ്പോൾ മൂന്ന് ബൗണ്ടറിയും കുറിച്ചു. ഇരുവർക്കും പിന്നാലെ വന്ന ബാറ്റർമാർ പിടിച്ചുനിൽക്കാത്തതാണ് ബാംഗ്ലൂരിന്റെ തോൽവിക്ക് വഴിയൊരുക്കിയത്. ചെന്നെെ പേസർ തുഷാർ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി കരുത്തുകാട്ടി.
ഇതിനിടെ, മെയ് നാലിന് നടക്കേണ്ട ചെന്നെെ–ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരം മൂന്നിലേക്ക് മാറ്റി.