കൊച്ചി
വൻകിട ഹോട്ടലുകളുടെ വിവരങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് സൈബർ തട്ടിപ്പ് നടത്തിയതിനുപിന്നിൽ ഉത്തരേന്ത്യൻ സംഘം. നേരത്തേ പലതരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ള സംഘത്തിന്റെ പുതിയ രീതിയാണ് ഇതെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു. രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവർത്തനം.
ഓൺലൈൻ ലോട്ടറി, ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യുമെന്നു പറഞ്ഞ് ഒടിപി വാങ്ങിയുള്ള തട്ടിപ്പ്, പിഎഫ് അക്കൗണ്ട് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തണമെന്നു പറഞ്ഞുള്ള തട്ടിപ്പ് തുടങ്ങി മലയാളി വീണ സൈബർ ചതിക്കുഴികൾ ഏറെയാണ്. ഇതിൽ ഒരുതരത്തിലുള്ള തട്ടിപ്പിനെപ്പറ്റി ജനങ്ങൾ അറിഞ്ഞുവരുമ്പോഴേക്കും സംഘങ്ങൾ തന്ത്രം മാറ്റും. ഇതിൽ അവസാനത്തേതാണ് ഹോട്ടൽ ശൃംഖലകളുടെ പേരിൽ നടന്നത്.
ഓൺലൈൻ തട്ടിപ്പുകൾക്ക് മലയാളികൾ പെട്ടെന്ന് വഴിപ്പെടുമെന്നതിനാലാണ് തട്ടിപ്പുസംഘങ്ങൾ കേരളം ലക്ഷ്യമിടുന്നതെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു.
കേരളത്തിൽ ഒന്നരമാസത്തിനിടെ കെടിഡിസിയുടെയും സ്വകാര്യമേഖലയിലെയും ഒട്ടേറെ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും വിവരങ്ങൾ കൃത്രിമമായി സൃഷ്ടിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. പലതിന്റെയും ഗൂഗിൾ ബിസിനസ് പേജുകളിൽ കൃത്രിമമായി വിവരങ്ങൾ നൽകിയാണ് പണം തട്ടിയത്. ഇതിൽ നൽകിയ ഫോൺനമ്പരിൽ ബന്ധപ്പെടുമ്പോൾ മുറി ബുക്ക് ചെയ്യാൻ നിശ്ചിത തുക മുൻകൂർ ആവശ്യപ്പെടും. ഇത് നൽകിയവരാണ് തട്ടിപ്പിന് ഇരയായത്.
ഫോൺ ചെയ്തപ്പോൾ തട്ടിപ്പുകാർ ഹിന്ദിയിൽ സംസാരിച്ചിട്ടും സംശയമൊന്നുമില്ലാതെ ഇവർ പണം നൽകുകയായിരുന്നെന്ന് സൈബർ സെൽ അധികൃതർ പറഞ്ഞു. കൊച്ചി, കോട്ടയം, കൊല്ലം, മൂന്നാർ എന്നിവിടങ്ങളിലെ നിരവധി ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് പണം തട്ടിയിട്ടുണ്ട്. സംഭവം സൈബർ സെൽ അന്വേഷിച്ചുവരികയാണ്.