തിരുവനന്തപുരം
സംസ്ഥാനത്ത് 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു. 17ന് പകൽ 11.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂർ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂർ 1, കാസർകോട് 8 എന്നീ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇതോടെ ആകെ 630 കുടുംബാരോഗ്യ കേന്ദ്രങ്ങൾ യാഥാർഥ്യമായതായി മന്ത്രി വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒപി രജിസ്ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിങ് റൂം, ഒബ്സർവേഷൻ റൂം, നഴ്സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിങ് ഏരിയ, കാത്തിരിപ്പ് മുറികളിൽ രോഗികൾക്ക് നിർദേശങ്ങൾ നൽകുന്നതിനായി ടെലിവിഷൻ, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കും. എല്ലാ കേന്ദ്രങ്ങളിലും പ്രീ-ചെക്കപ്പ്, പോസ്റ്റ് ചെക്കപ്പ്, കൗൺസിലിങ് സംവിധാനം, ശ്വാസകോശ രോഗനിർണയത്തിനു വേണ്ടി ശ്വാസ് ക്ലിനിക്ക്, വിഷാദ രോഗ നിർണയത്തിനുവേണ്ടി ആശ്വാസം ക്ലിനിക്ക്, മറ്റ് മാനസിക രോഗങ്ങളുടെ നിർണയത്തിനും ചികിത്സയ്ക്കുമായി സമ്പൂർണ മാനസികാരോഗ്യം, കിടപ്പ് രോഗികൾക്കുവേണ്ടി സാന്ത്വന പരിചരണം, ടെലിമെഡിസിൻ സംവിധാനം എന്നിവ ഉറപ്പാക്കും.
ആർദ്രകേരളം
പുരസ്കാരവിതരണം ഇന്ന്
ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്കുള്ള ആർദ്രകേരളം പുരസ്കാരവിതരണവും തിങ്കൾ പകൽ 11.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.