ആലക്കോട് (കണ്ണൂർ)
സൈനിക വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്ന സുഡാനിൽ കണ്ണൂർ ആലക്കോട് സ്വദേശി കൊല്ലപ്പെട്ടു. രയരോം കാക്കടവിലെ വിമുക്തഭടനായ ആൽബർട്ട് അഗസ്റ്റിനാ(48)ണ് വെടിയേറ്റ് മരിച്ചത്. താമസിച്ചിരുന്ന അപ്പാർട്മെന്റിൽനിന്നാണ് വെടിയേറ്റത്. സംഘർഷപ്രദേശത്തേക്ക് ആർക്കും പോകാൻ കഴിയുന്നില്ലെന്ന് ആൽബർട്ടിന്റെ അച്ഛൻ കാക്കടവിലെ ആലവേലിൽ അഗസ്റ്റിൻ(അപ്പച്ചൻ) ദേശാഭിമാനിയോട് പറഞ്ഞു. ആംബുലൻസിനുപോലും ഇവിടേക്ക് എത്താനായിട്ടില്ല. മൃതദേഹം സംഭവ സ്ഥലത്തുതന്നെയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലെ ദാൽ കമ്പനിയിൽ സെക്യൂരിറ്റി വിഭാഗം തലവനായിരുന്ന ആൽബർട്ട് ശനി വൈകിട്ട് നാലിന് വെടിയേറ്റ് മരിച്ചെന്നാണ് ലഭിച്ച വിവരം. ഇന്ത്യൻ പട്ടാളത്തിൽനിന്ന് വിരമിച്ച ആൽബർട്ട് ആറുമാസം മുമ്പാണ് സുഡാനിലേക്ക് പോയത്. ഭാര്യ സൈബെല്ലയും മകൾ മറീറ്റയും കഴിഞ്ഞ ദിവസം സുഡാനിലേക്ക് പോയിരുന്നു. ഇവർ ഖാർത്തൂമിലെ വീട്ടിൽ സുരക്ഷിതരാണ്. അമ്മ: മേഴ്സി. മകൻ: ഓസ്റ്റിൻ (യുകെ). മരുമകൻ: ബിജു കൂരാപ്പള്ളിൽ. സഹോദരങ്ങൾ: സ്റ്റാർളി, ഷർമ്മി.
സുഡാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ മൃതദേഹം നാട്ടിലെത്തിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും അവിടേക്ക് പോകാനാവാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, എംപിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.