ആലുവ
പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികൻ മരിച്ചു, കേസിൽ അയൽവാസി അറസ്റ്റിലായി. ചൂണ്ടി ചാണാശേരി പീറ്ററാണ് (74) മരിച്ചത്. വെള്ളി രാത്രിയായിരുന്നു സംഭവം. കീഴ്മാട് റേഷൻകട ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചൊവ്വര വെള്ളാരപ്പള്ളി പുന്നേത്തുപറമ്പിൽവീട്ടിൽ വിജു (42) വിനെയാണ് എടത്തല പൊലീസ് അറസ്റ്റ് ചെയ്തത്.
വിജുവും മരണമടഞ്ഞയാളുടെ മകനായ ബിനോയിയും കീഴ്മാട് റേഷൻകട ഭാഗത്തുള്ള വീടിന്റെ രണ്ടു ഭാഗങ്ങളില്‍ വാടകയ്ക്ക് താമസിക്കുകയാണ്. വിജു പടക്കം പൊട്ടിച്ചത് ബിനോയ് ചോദ്യംചെയ്തപ്പോള്‍ വീടിന്റെ മുറ്റത്തുവച്ച് ബിനോയിയെ വിജു ആക്രമിച്ചു. ഇത് തടയാൻ ശ്രമിച്ച പീറ്ററിനെ വിജു തലയില്‍ പിടിച്ച് തള്ളി. ചുമരിൽ തലയടിച്ചുവീണ് ഗുരുതരപരിക്കേറ്റ പീറ്ററിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: മേരി. മക്കൾ: ബിനോയ്, സിന്ധു, ബിന്ദു, സന്ധ്യ. എടത്തല പൊലീസ് എസ്എച്ച്ഒ പി ജെ നോബിളിനാണ് കേസന്വേഷണച്ചുമതല.