മാനന്തവാടി > ഗർഭിണിയായ മ്ലാവിനെ വേട്ടയാടിയ കേസിൽ ഒളിവിലായിരുന്ന മൂന്നുപേരെയും ഒളിവിൽ താമസിപ്പിച്ച വീട്ടുകാരനേയും മാനന്തവാടി പൊലീസിന്റെ സഹായത്തോടെ മണ്ണാർക്കാട് വനംവകുപ്പ് പിടികൂടി. മണ്ണാർക്കാട് പാലക്കയം സ്വദേശികളായ കാഞ്ഞിരംപാറ കെ എം സന്തോഷ് (48), ആക്കാം മറ്റം ബിജു ജോസഫ് (47), നെല്ലിക്കുന്നേൽ എൻ എ ബിനു (48) എന്നിവരാണ് പിടിയിലായത്. ഇവരെ ഒളിവിൽ താമസിപ്പിച്ച മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി ദീപുവിനെയും കസ്റ്റഡിയിലെടുത്തു.
പാലക്കയം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കല്ലടിക്കോട് മലവാരത്ത് കഴിഞ്ഞ മാർച്ച് 26നാണ് ഇവർ മ്ലാവിനെ വേട്ടയാടിയത്. നാല് വയസ്സുള്ള ഗർഭിണിയായ മ്ലാവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ എടത്തനാട്ടുകര പൊൻപാറ സ്വദേശി ബോണി (34), കല്ലടിക്കോട് താന്നിക്കൽ തങ്കച്ചൻ (കുര്യാക്കോസ്, 64) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
മാനന്തവാടി സിഐ അബ്ദുൾ കരീമും സംഘവും മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ കാറിനെക്കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. മ്ലാവ് വേട്ട കേസിലെ പ്രതികൾ മാനന്തവാടിയിലുണ്ടെന്ന് വ്യക്തമായതോടെ വനം വകുപ്പ് സംഘത്തെ വിവരം അറിയിച്ചു. മണ്ണാർക്കാട്ടുനിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പൊലീസിന്റെ സാന്നിധ്യത്തിൽ ഞായർ പുലർച്ചെ പ്രതികളെ പിടികൂടുകയായിരുന്നു.