കണ്ണൂർ
പടക്കത്തിന്റെ ഉപയോഗം അന്തരീക്ഷവായുവിന്റെ ഗുണനിലവാരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതായി പഠനം. 2010 മുതൽ വിഷു ആഘോഷവേളയിൽ കണ്ണൂരിലെ വായുവിന്റെ നിലവാരം അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന രാസപദാർഥങ്ങൾ വൻതോതിൽ അന്തരീക്ഷത്തിൽ കലരുന്നതായി പഠനത്തിൽ കണ്ടെത്തി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഫിസിക്സ് വിഭാഗം അസി. പ്രൊഫസർ ഡോ. ടി നിഷാന്താണ് പഠനം നടത്തിയത്.
അന്തരീക്ഷവായുവിലുണ്ടാകുന്ന വ്യതിയാനം ഗ്യാസ് അനലൈസറുകളുടെ സഹായത്തോടെയാണ് പഠനവിധേയമാക്കിയത്. വിഷുദിവസത്തിൽ അന്തരീക്ഷവായുവിലെ ലോഹങ്ങളുടെ സാന്ദ്രത ഉയർന്ന നിലയിലാണ് കാണപ്പെട്ടത്. പടക്കങ്ങൾ ഉപയോഗിക്കുന്ന ദിവസങ്ങളിൽ ഭൗമോപരിതല ഓസോൺ, നൈട്രസ് ഓക്സൈഡുകൾ, കാർബൺ വാതകങ്ങൾ, സർഫർ ഡൈഓക്സൈഡുകൾ, സുതാര്യമായ പൊടിപടലങ്ങൾ എന്നിവയുടെ സാന്ദ്രതയിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയത്.
ഉയർന്ന താപനിലയിലുള്ള രാസപ്രവർത്തനത്തിന്റെ ഫലമായി ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന ഈ വാതകങ്ങളും അലുമിനീയം, മാംഗനീസ്, മഗ്നീഷ്യം, സ്ട്രോൺഷ്യം, ബേരിയം, കോപ്പർ, പൊട്ടാസ്യം തുടങ്ങിയ നിരവധി ലോഹലവണങ്ങളും അന്തരീക്ഷത്തിൽ വർധിക്കുന്നുണ്ട്. പടക്കങ്ങളിൽ വർണം നൽകാൻ വിവിധതരം രാസസംയുക്തങ്ങളാണ് ഉപയോഗിക്കുന്നത്. പടക്കങ്ങൾ പൊട്ടുമ്പോഴുണ്ടാകുന്ന വികിരണങ്ങൾ ഓക്സിജൻ തന്മാത്രകളെ വിഘടിപ്പിക്കുകയും ദ്വിതീയമലിനീകരണ വാതകമായ ഭൗമോപരിതല ഓസോണുകളെ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഇവ വായുവിന്റെ ഗുണ നിലവാരത്തെയും കാലാവസ്ഥയെയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെയും ബാധിക്കുകയും ചെയ്യുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽമാത്രം നടക്കുന്ന രാസപ്രവർത്തനങ്ങൾ രാത്രികാലങ്ങളിൽ പടക്കം പൊട്ടുമ്പോൾ നടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ബെൻസീൻ, ടൊളുവിൻ, ഈഥൈയ്ൽ ബെൻസിൻ, സൈലിൽ എന്നീ അസ്ഥിര ജൈവസംയുക്തങ്ങളുടെ അളവും ക്രമാതീതമായി വർധിച്ചതായി പഠനത്തിൽ കണ്ടെത്തി.