ന്യൂഡൽഹി
രാജസ്ഥാൻ കോൺഗ്രസിലെ ഗുരുതരപ്രതിസന്ധി പരിഹരിക്കാനാകാതെ വലഞ്ഞ് നേതൃത്വം. അശോക് ഗെലോട്ടിന് എതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയ സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനാണ് ശ്രമം. ഡൽഹിയിലുള്ള സച്ചിനുമായി നേതാക്കളായ കമൽനാഥും കെ സി വേണുഗോപാലും ചർച്ചകൾ നടത്തി. സച്ചിനെ ദേശീയ നേതൃത്വത്തിൽ എത്തിച്ച് പ്രശ്നം പരിഹരിക്കാമെന്ന പദ്ധതി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്ക്കുണ്ട്. ദേശീയതലത്തിൽ നേതൃത്വത്തിന് താൽപ്പര്യമുണ്ടോയെന്ന് കമൽനാഥ് സച്ചിനോട് അന്വേഷിച്ചു. എന്നാൽ, തന്റെ നഷ്ടപ്പെട്ട അന്തസ്സ് വീണ്ടെടുക്കാനുള്ള നടപടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നാണ് സച്ചിന്റെ പ്രതികരണം. ആഭ്യന്തരപ്രശ്നങ്ങളെ തുടർന്ന് നഷ്ടമായ പിസിസി പ്രസിഡന്റ്, ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ തിരിച്ചുതരണമെന്നാണ് സച്ചിൻ ആവശ്യപ്പെടുന്നത്. ഗെലോട്ട്പക്ഷം അംഗീകരിക്കില്ലെന്നതിനാൽ, ഹൈക്കമാൻഡ് അസാധാരണ ഇടപെടൽ നടത്തിയാൽമാത്രമേ സച്ചിന് പദവികളിൽ തിരിച്ചെത്താനാകൂ.
ചേരിപ്പോര് കൈവിട്ടാൽ രാജസ്ഥാനിൽ പഞ്ചാബ് ആവർത്തിക്കുമെന്ന ഭയം നേതൃത്വത്തിനുണ്ട്. പഞ്ചാബിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന നവ്ജ്യോത്സിങ് സിദ്ധു തുടങ്ങിയ പരസ്യപ്രതിഷേധമാണ് അമരീന്ദർസിങ്ങിന്റെ രാജിയിലേക്കും ബിജെപിയിലേക്കുള്ള പ്രയാണത്തിനും കാരണമായത്. സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകില്ലെന്ന വിശ്വാസം മാത്രമാണ് കോൺഗ്രസ് നേതൃത്വത്തിനുള്ള കച്ചിത്തുരുമ്പ്. ചില കടുത്ത നടപടി വേണ്ടിവരുമെന്നാണ് സച്ചിൻ പക്ഷത്തിന്റെ മുന്നറിയിപ്പ്.