ന്യൂഡൽഹി
ബിജെപിയ്ക്കെതിരായ പ്രതിപക്ഷ ഐക്യശ്രമങ്ങൾക്ക് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഡൽഹി സന്ദർശനത്തോടെ മികച്ച തുടക്കം. ആദ്യം ഐക്യം, പിന്നീട് നേതാവ് എന്ന തത്വം പാർടികൾ അംഗീകരിച്ചതും കോൺഗ്രസ് പിൻസീറ്റിലേക്ക് മാറിയതും പ്രാഥമിക ചർച്ച വിജയത്തിലെത്തിച്ചു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ എന്നിവരെ മൂന്നുദിന സന്ദർശനത്തിൽ കണ്ട നിതീഷ് ഐക്യശ്രമങ്ങൾക്ക് പൂർണ പിന്തുണ നേടി. വെള്ളി രാവിലെ പട്നയിലെത്തിയ അദ്ദേഹം, ഏക ലക്ഷ്യം പ്രതിപക്ഷ ഐക്യം മാത്രമാണെന്ന് പ്രഖ്യാപിച്ചു. കോൺഗ്രസിതര നേതാവ് മുൻകൈയെടുക്കുന്നതിനാൽ സമാജ്വാദി പാർടി, ബിആർഎസ് എന്നിവരും ചർച്ചകൾക്ക് സമ്മതമറിയിച്ചു.ലഖ്നൗവിലെ എസ്പി ആസ്ഥാനത്തിനുമുന്നിൽ ‘യുപിയും ബിഹാറും ചേർന്നാൽ മോദി സർക്കാർ പുറത്ത് ’ എന്ന ബാനർ ഉയർന്നത് നിതീഷുമായുള്ള എസ്പിയുടെ ദൃഢസൗഹൃദത്തിന് തെളിവായി.പ്രതിപക്ഷഐക്യനീക്കത്തിന് എഎപിയും പൂർണ പിന്തുണ നൽകുന്നു. ഒഡിഷയിൽനിന്ന് ബിജു ജനതാദളും ക്യാമ്പിലെത്തിയേക്കും. ആദ്യം സംസ്ഥാനങ്ങളിൽ ഐക്യം വേണമെന്നും പരമാവധി ബിജെപിവിരുദ്ധ വോട്ട് ഏകോപിപ്പിക്കണമെന്നുമുള്ള സിപിഐ എം നിലപാടും അംഗീകരിക്കപ്പെട്ടു. അസമിൽ ഒമ്പത് പ്രതിപക്ഷ കക്ഷികൾ ചേർന്ന് ബിജെപി വിരുദ്ധ മുന്നണി ആരംഭിച്ചുകഴിഞ്ഞു.
ഉദ്ദവുമായി കൂടിക്കാഴ്ചയ്ക്ക് രാഹുൽ
പ്രതിപക്ഷ ഐക്യനീക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശിവസേന നേതാവ് ഉദ്ദവ് താക്കറെയെ അടുത്ത ആഴ്ച സന്ദർശിച്ചേക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ സംസാരിച്ചതിന്റെ തുടർച്ചയായാണ് രാഹുൽ മുംബൈയിൽ എത്തി കൂടിക്കാഴ്ച നടത്തുക. കൂടിക്കാഴ്ചയ്ക്ക് എത്തിയാൽ മുംബൈയിലെ താക്കറെ കുടുംബത്തിന്റെ വസതിയായ മാതോശ്രീയിലെത്തുന്ന ആദ്യ ഗാന്ധികുടുംബാംഗമായി രാഹുൽ മാറും. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയെയും രാഹുൽ സന്ദർശിച്ചേക്കും.