മാഡ്രിഡ്
ചാമ്പ്യൻസ് ലീഗിൽ ഒരിക്കൽക്കൂടി റയൽ മാഡ്രിഡിന്റെ മുന്നേറ്റം. ഇംഗ്ലീഷ് കരുത്തരായ ചെൽസിയെ ആദ്യപാദ ക്വാർട്ടറിൽ രണ്ട് ഗോളിനാണ് നിലവിലെ ചാമ്പ്യൻമാർ തകർത്തത്. സാന്റിയാഗോ ബെർണബ്യൂവിൽ കരിം ബെൻസെമ, മാർകോ അസെൻസിയോ എന്നിവർ റയലിനായി ഗോളടിച്ചു. ചെൽസി പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്. രണ്ടാംപകുതിയുടെ തുടക്കത്തിൽ പ്രതിരോധക്കാരൻ ബെൻ ചിൽവെൽ ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ചെൽസിക്ക് അവസാന നാല് കളിയിൽ ഒരു ഗോൾപോലും നേടാനായിട്ടില്ല. സ്വന്തം തട്ടകത്തിൽ റയലിന് ആദ്യഘട്ടത്തിൽ ആധികാരികമായി പന്ത് തട്ടാനായില്ല. ചെൽസി പൊരുതിനിന്നു. എന്നാൽ, കളി അരമണിക്കൂർ തികയുംമുമ്പ് റയൽ മുന്നിലെത്തി. ബെൻസെമ ലക്ഷ്യം കണ്ടു. ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ചുകാരന്റെ 90–-ാംഗോളായിരുന്നു ഇത്.
ചെൽസി തിരിച്ചടിക്കാൻ ആഞ്ഞുശ്രമിച്ചു. മധ്യനിരയിൽ എൻഗോളോ കാന്റെയുടെ തിരിച്ചുവരവ് ഗുണം ചെയ്തു. പക്ഷേ, ഒന്നും ഗോളിലേക്കെത്തിയില്ല. ജോയോ ഫെലിക്സിന്റെയും റഹീം സ്റ്റെർലിങ്ങിന്റെയും നീക്കങ്ങൾ റയൽ ഗോൾ കീപ്പർ തിബൗ കുർടോ തടഞ്ഞു. പകരക്കാരനായെത്തിയ മാസൺ മൗണ്ടിന്റെ മികച്ച നീക്കത്തിന് റയൽ പ്രതിരോധക്കാരൻ അന്റോണിയോ റൂഡിഗറും തടയിട്ടു.
അമ്പത്തൊമ്പതാംമിനിറ്റിൽ ചിൽവെൽ ചുവപ്പുകാർഡ് കിട്ടി മടങ്ങിയത് കനത്ത തിരിച്ചടിയായി. റോഡ്രിഗോയെ കടുത്ത ഫൗൾ ചെയ്തതിനായിരുന്നു കാർഡ്. ഫെലിക്സിനെ പിൻവലിക്കേണ്ടിവന്നു. സമനില ഗോളിനുള്ള ശ്രമം ഫ്രങ്ക് ലംപാർഡിന്റെ സംഘം തുടർന്നു. പക്ഷേ, ഇതിനിടെ അസെൻസിയോ ലക്ഷ്യം കണ്ടതോടെ റയൽ ജയം ഉറപ്പാക്കി.
രണ്ടാംപാദം ചെൽസി തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 18ന് നടക്കും.ഈ സീസണിൽ ഒമ്പതാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനെത്തിയ ചെൽസിയുടെ മൂന്നാമത്തെ പരിശീലകനാണ് ലംപാർഡ്.
മത്സരത്തിൽ റയൽ 18 ശ്രമങ്ങളാണ് നടത്തിയത്. വിനീഷ്യസ് ജൂനിയറും റോഡ്രിഗോയുമായിരുന്നു ആക്രമണം നയിച്ചത്. സ്പാനിഷ് ലീഗിൽ ബാഴ്സലോണയുമായുള്ള കിരീടപ്പോരിൽ പിന്നിലാണ് കാർലോ ആൻസെലോട്ടിയുടെ സംഘം.