ന്യൂഡൽഹി
അപകീർത്തിക്കേസിലെ വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി 20ന് വിധി പറയും. മജിസ്ട്രേട്ട് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ജഡ്ജി റോബിൻമൊഗേരാ വാദംകേട്ടു. പ്രധാനമന്ത്രിയെ വിമർശിക്കുന്നവരെ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ബിജെപി എംഎൽഎയുടെ പരാതിയെന്ന് രാഹുലിന്റെ അഭിഭാഷകനായ ആർ എസ് ചീമ വാദിച്ചു.
‘എല്ലാ കള്ളൻമാർക്കും മോദിയെന്ന പേര് വരുന്നത് എങ്ങനെ?’–- എന്ന പരാമർശത്തിലൂടെ രാഹുൽ മോദി സമുദായത്തെ മുഴുവൻ അവഹേളിച്ചെന്നാണ് കേസ്. ബിജെപി എംഎൽഎ പുർണേഷ് മോദിയാണ് പരാതി നൽകിയത്. സൂറത്ത് മജിസ്ട്രേട്ട് കോടതി രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവർഷം തടവിന് ശിക്ഷിച്ചു. അപ്പീലിൽ വിധി വരുന്നതുവരെ രാഹുലിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അപകീർത്തിക്കേസിലെ വിധി സ്റ്റേ ചെയ്താൽ മാത്രമേ രാഹുലിന് അയോഗ്യത ഒഴിവാകൂ.