ന്യൂഡൽഹി
രാജ്യത്തെ ഏറ്റവുംവലിയ സൈനിക ക്യാമ്പായ ഭട്ടിൻഡയിൽ അക്രമികൾ നാലു സൈനികരെ വെടിവച്ചുകൊന്ന സംഭവത്തിൽ അടിമുടി ദുരൂഹത. ഭീകരാക്രമണ സാധ്യത പൂർണമായി തള്ളിയ സൈന്യത്തിന് ക്യാമ്പിൽ നുഴഞ്ഞുകയറി വെടിവയ്പ് നടത്തിയവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ആക്രമണമുണ്ടായ ബുധനാഴ്ച ക്യാമ്പിൽ മറ്റൊരു ജവാൻ വെടിയേറ്റ് മരിച്ചെന്ന വിവരവും പുറത്തുവന്നു. പാറാവ്ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജവാൻ ലഘു രാജ് ശങ്കറാണ് മരിച്ചത്. ജവാൻ സ്വയം വെടിവച്ച് മരിച്ചതാണെന്നും വെടിവയ്പുമായി സംഭവത്തിന് ബന്ധമില്ലെന്നുമാണ് സൈന്യത്തിന്റെ നിലപാട്. തലയുടെ ഇടതുഭാഗത്താണ് വെടിയേറ്റത്. സർവീസ് തോക്കും തിരകളും സമീപത്തുതന്നെ കണ്ടെത്തി.
ക്യാമ്പിനുള്ളിലെ ആഭ്യന്തരപ്രശ്നമാകാം വെടിവയ്പിലേക്ക് നയിച്ചതെന്നാണ് കേസ് അന്വേഷിക്കുന്ന പൊലീസിന്റെ പ്രതികരണം. ഉറങ്ങിക്കിടന്ന നാലുപേർക്കെതിരെ നിറയൊഴിച്ചശേഷം മാസ്ക് വച്ച വെളുത്ത കുർത്തയും പൈജാമയും ധരിച്ച രണ്ടുപേർ ക്യാമ്പിലെ വനപ്രദേശത്തേക്ക് ഓടിപ്പോകുന്നത് കണ്ടുവെന്ന് മേജർ അശുതോഷ് ശുക്ല എന്നയാൾ മൊഴി നൽകി. മറ്റാർക്കുനേരെയും ആക്രമികൾ വെടിവയ്ക്കാത്തതെന്തുകൊണ്ടെന്ന് വ്യക്തമല്ല. അതിനാൽ വ്യക്തിവൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.
പാക് അതിർത്തിക്ക് 45 കിലോമീറ്റർമാത്രം അകലെ ഇന്ത്യൻ സേനയുടെ ഏറ്റവും വലിയ ആയുധസംഭരണശാലയിലാണ് അക്രമിക്ക് നുഴഞ്ഞുകയറാനും സൈനികരെ വധിച്ചശേഷം രക്ഷപ്പെടാനും കഴിഞ്ഞത്. അക്രമിയുടെ വെടിയേറ്റ് മരിച്ച തമിഴ്നാട് സ്വദേശി യോഗേഷ് കുമാറിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ മധുര വിമാനത്താവളത്തിലെത്തിക്കും. തേനി ജില്ലയിലെ ജന്മഗ്രാമമായ മൂനാണ്ടിപ്പട്ടിയിൽ വൈകിട്ട് സംസ്കാരം നടക്കും.