തിരുവനന്തപുരം
വിഷു–- റംസാൻ ആഘോഷങ്ങൾക്ക് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് സർക്കാർ വിതരണം ചെയ്തത് 6871 കോടി രൂപ. തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത് 3356 കോടിയും. സാമ്പത്തികവർഷാദ്യത്തെ രണ്ടാഴ്ചയിൽ 10,227 കോടി രൂപയുടെ അനുമതിയാണ് നൽകിയത്.
രണ്ടുമാസത്തെ ക്ഷേമ പെൻഷൻ 3200 രൂപവീതം 60 ലക്ഷത്തിലേറെ പേർക്കാണ് വിതരണം ചെയ്യുന്നത്. സാമൂഹ്യസുരക്ഷാ പെൻഷന് 1504 കോടി രൂപയും ക്ഷേമനിധി പെൻഷന് 211 കോടി രൂപയും നൽകി. ഗ്രാമ വ്യവസായ ബോർഡിലെ ഖാദി തൊഴിലാളികൾക്ക് വരുമാനപൂരക പദ്ധതിയിൽ (ഇൻകം സപ്പോർട്ട് സ്കീം) 20.62 കോടി രൂപ അനുവദിച്ചു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകത്തൊഴിലാളികളുടെ ഓണറേറിയം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മുഴുവൻ തുകയും മാർച്ചിലെ തുകയിൽ 4000 രൂപയും ലഭ്യമാക്കി. 29.79 കോടിയാണ് അനുവദിച്ചത്. സ്കൂളുകൾക്ക് പാചക ചെലവിനത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശികയായിരുന്ന 83.48 കോടിയും നൽകി. അംഗീകൃത പ്രീപ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കും മാർച്ചിലെ ഓണറേറിയമായി 14 കോടി അനുവദിച്ചു. മഹിള പ്രധാൻ ഏജന്റുമാരുടെ ഒക്ടോബറിലെ കമീഷൻ 19.34 കോടിയും നൽകി. |
സംസ്ഥാന ജീവനക്കാരുടെ ശമ്പളം 3173 കോടി രൂപയും പെൻഷൻ 1816 കോടി രൂപയും കൃത്യമായി വിതരണം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മെയിന്റനൻസ് ഗ്രാന്റിൽ 1215.66 കോടി, വികസന ഫണ്ടിൽ 1850.68 കോടി, പൊതുആവശ്യഫണ്ടിൽ 185.68 കോടി, ധന കമീഷൻ ഗ്രാന്റിൽ 104.4 കോടി എന്നിവയാണ് കൈമാറിയത്.